പിണറായിക്ക് മൂന്നാം ഊഴം വിഫലമാകും; നിലപാട് വ്യക്തമാക്കി സുധാകരന്‍, ചേര്‍ത്തലയില്‍ മന്ത്രി പ്രസാദിനെതിരെ നൂറ് കേന്ദ്രങ്ങളില്‍ പ്രസംഗിക്കും

Jaihind News Bureau
Friday, March 20, 2026

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ഇടത് മുന്നണിക്കുമെതിരെ കടുത്ത നിലപാടുകളുമായി ജി. സുധാകരന്‍. താന്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിക്കുമെന്നും തന്നെ സഹായിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദിനെതിരെ നൂറിലധികം കേന്ദ്രങ്ങളില്‍ പ്രസംഗിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.

സിപിഎമ്മില്‍ നിന്ന് താന്‍ സ്വയം ഒഴിഞ്ഞതാണെന്നും ആരും പുറത്താക്കിയതല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. രാഷ്ട്രീയ ക്രിമിനലിസത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ ക്യാമ്പയിന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നിലവില്‍ തീരുമാനിച്ചിട്ടില്ല. പത്രികകളില്‍ ചില പിശകുകള്‍ ഉള്ളതിനാല്‍ അവ തിരുത്താന്‍ മൂന്ന് ദിവസം കൂടി അധികം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി പി. പ്രസാദിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരന്‍ പ്രതികരിച്ചത്. ‘പ്രസാദ് എന്തിനാണ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ വരുന്നത്? കഴിഞ്ഞ തവണ അയാള്‍ക്ക് കിട്ടിയത് ആറ് ചില്വാനം വോട്ടുകള്‍ മാത്രമാണ്,’ അദ്ദേഹം പരിഹസിച്ചു. എ.എം ആരിഫ് ആറാം തവണയും സജി ചെറിയാന്‍, യു. പ്രതിഭ, വി.എന്‍ വാസവന്‍ എന്നിവര്‍ മൂന്നാം തവണയും മത്സരിക്കുമ്പോള്‍ തനിക്ക് മാത്രം പാര്‍ലമെന്ററി വ്യാമോഹമെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ മൂന്നാമത് മുഖ്യമന്ത്രിയാവുന്ന കാര്യത്തില്‍ താന്‍ നിലപാട് മാറ്റിയിട്ടില്ല. അങ്ങനെ വ്യാഖ്യാനിച്ചത് ചില ചാനലുകാര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കാന്‍ സാധ്യതയില്ലെന്ന് സുധാകരന്‍ നിരീക്ഷിച്ചു. സന്തോഷമുണ്ടെന്ന് പറഞ്ഞതിനെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

അമ്പലപ്പുഴയില്‍ മുന്‍പ് മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് മന്ത്രിയായിരുന്ന താന്‍ ഇടപെട്ടാണ് എച്ച്. സലാമിന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഹര്‍ത്താല്‍ നടത്താന്‍ തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു.

തന്റെ വീടിന് പരിസരത്ത് ഒളിച്ചിരുന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരോട് പലപ്പോഴും ക്ഷുഭിതനായാണ് അദ്ദേഹം സംസാരിച്ചത്. മണ്ഡലത്തില്‍ പോസ്റ്ററുകളും ബാനറുകളും കുറച്ചു മാത്രമേ ഉണ്ടാകൂ എങ്കിലും തന്റെ വാക്കുകള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തുമെന്നും ജി. സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.