സ്വത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വ്യക്തി, ജീവന് ഭീഷണി ; ബിജു രമേശിനെതിരെ പിതാവ് മുന്‍പ് ഡിജിപിക്ക് നല്‍കിയ പരാതി പുറത്ത്

 

 

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ പിതാവ് രമേശന്‍ ഡിജിപിക്ക് നല്‍കിയ പരാതി പുറത്ത്. സഹോദരങ്ങളുടെ സ്വത്ത് വകകള്‍ ബിജു രമേശ് തട്ടിയെടുക്കുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജി.രമേശന്‍ പരാതി നല്‍കിയത്. സ്വത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വഭാവക്കാരനാണ് ബിജു രമേശെന്നും പരാതിയില്‍ പറയുന്നു.

തന്റെയും കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് 1997 ഒക്ടോബര്‍ 7ന് രമേശന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ന്യായമായും അന്യായമായും അബ്കാരി ബിസിനസിലൂടെ ബിജു രമേശ് വളരെയധികം പണവും സ്വത്തും സമ്പാദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. സ്വന്തം സഹോദരനെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെയും ആഹാരം നല്‍കാതെയും ബിജു പീഡിപ്പിച്ച സംഭവങ്ങളും പിതാവ് പരാതിയില്‍ വിവരിച്ചിട്ടുണ്ട്. ഇതിനുംപുറമേ തന്റെ പേഴ്സണല്‍ ഡ്രൈവറെയും കേസില്‍ കുടുക്കാന്‍ ബിജു രമേശ് ശ്രമം നടത്തിയെന്നും രമേശന്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം ജീവിതത്തില്‍ സ്വന്തം പിതാവിനോടും സഹോദരങ്ങളോടും പോലും സത്യസന്ധതയും മാന്യതയും പുലര്‍ത്താത്ത ബിജു രമേശാണ് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പണത്തിനും സ്വത്തിനും വേണ്ടി എന്ത് അധാര്‍മ്മിക പ്രവര്‍ത്തി ചെയ്യാനും പറയാനും മടിയില്ലാത്ത വ്യക്തിയാണ് ബിജു രമേശെന്ന് കുടുംബാംഗങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നാണ് ചോദ്യമാണ് പ്രസക്തമാകുന്നത്.

 

Comments (0)
Add Comment