ജഡ്ജിയുടെ വീട്ടിലെ തീ അണയ്ക്കാനെത്തി; ഫയര്‍ ഫോഴ്‌സിന് കിട്ടിയത് കെട്ടുകണക്കിന് അനധികൃത പണം

Jaihind News Bureau
Friday, March 21, 2025

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ അനധികൃത പണം കണ്ടെത്തി. ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്‌നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.

വീട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി.

പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യമായ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.ജസ്റ്റിസ് യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.