‘നന്ദി, ഞങ്ങളുടെ മുന്നില്‍ ദൈവദൂതരായി അവതരിക്കുന്നതിന്’; ലോക്ഡൗണില്‍ കുടുങ്ങിയ ലക്ഷദ്വീപ് സ്വദേശിനിക്ക് നാട്ടിലെത്താന്‍ സഹായമേകി ഷാഫി പറമ്പിൽ എംഎൽഎ; നന്ദി അറിയിച്ച് യുവതി, കുറിപ്പ്

Jaihind News Bureau
Wednesday, May 13, 2020

ലോക്ഡൗണിനെ തുടര്‍ന്ന്  കർണാടകയിൽ കുടുങ്ങിയ ലക്ഷദ്വീപ് സ്വദേശിനിക്ക് നാട്ടിലെത്താന്‍ സഹായമേകി ഷാഫി പറമ്പിൽ എംഎൽഎ. ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയായ റാസില അറാത്തിനാണ് ഷാഫി പറമ്പിലിന്‍റെ സഹായത്തെ തുടര്‍ന്ന് നാട്ടിലെത്താനായത്. അദ്ദേഹത്തിന് നന്ദി അറിയിച്ച് റാസില ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

”പ്രിയപ്പെട്ട ഷാഫി ഇക്കാ, നിങ്ങൾ ആരാണെന്നോ, എന്താണെന്നോ ഒന്നും എനിക്കറിയില്ല… നിങ്ങളുടെ പേര് പലപ്പോഴായി കേട്ടിട്ടുണ്ട്, തല പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്ന നിങ്ങളുടെ ഒരു ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ് ഞാൻ ആദ്യമായിട്ട് നിങ്ങളെ കാണുന്നത്… ഏതോ ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്നതിനപ്പുറം എനിക്ക് നിങ്ങളെ കുറിച്ച് ഇപ്പഴും അധികം അറിയില്ല… എന്നാലും എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്… ലക്ഷദ്വീപുകാരിയായ എനിക്കോ, എന്‍റെ കുടുംബത്തിനോ നിങ്ങൾക്ക് ഒരു വോട്ട് പോലും നൽകുവാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നിട്ടും നിങ്ങൾ എന്റെ സഹായത്തിനെത്തി…. നൂറിലധികം ഫോൺ കാളുകൾ ഞാൻ ചെയ്തിട്ടുണ്ട്”-റാസില കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

(പബ്ലിക് ആയിട്ട് ഞാൻ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കാൻ നിന്നിട്ടില്ല, സ്വന്തമായിട്ട് രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലാത്തത് കൊണ്ടല്ല, ചുറ്റുമുള്ള സൗഹൃദങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾ കൊണ്ട് മുറിഞ്ഞു പോവാതിരിക്കാൻ വേണ്ടി. JNU-ൽ എത്തിയിട്ടും പൊതു സ്ഥലങ്ങളിൽ ഞാൻ രാഷ്ട്രീയ ചർച്ചകൾക്ക് നിന്നിട്ടില്ല. എന്നാൽ ഇന്ന് ഞാനത് മാറ്റി എഴുതുകയാണ്, എന്നെ അറിയില്ലെങ്കിലും, lock down കാലത്ത് സഹായ ഹസ്തവുമായി എന്റെ മുന്നിലെത്തിയ ശ്രീ, ഷാഫി പറമ്പിൽ MLA യോട് നന്ദി അറിയിക്കുവാനായി…)

പ്രിയപ്പെട്ട ഷാഫി ഇക്കാ, നിങ്ങൾ ആരാണെന്നോ, എന്താണെന്നോ ഒന്നും എനിക്കറിയില്ല… നിങ്ങളുടെ പേര് പലപ്പോഴായി കേട്ടിട്ടുണ്ട്, തല പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്ന നിങ്ങളുടെ ഒരു photo പത്രത്തിൽ വന്നപ്പോഴാണ് ഞാൻ ആദ്യമായിട്ട് നിങ്ങളെ കാണുന്നത്… ഏതോ ഒരു Congress MLA എന്നതിനപ്പുറം എനിക്ക് നിങ്ങളെ കുറിച്ച് ഇപ്പഴും അധികം അറിയില്ല… എന്നാലും എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്… ലക്ഷദ്വീപുകാരിയായ എനിക്കോ, എന്റെ കുടുംബത്തിനോ നിങ്ങൾക്ക് ഒരു വോട്ട് പോലും നൽകുവാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നിട്ടും നിങ്ങൾ എന്റെ സഹായത്തിനെത്തി…. നൂറിലധികം ഫോൺ കാളുകൾ ഞാൻ ചെയ്തിട്ടുണ്ട്, കേരള ബോർഡർ കടക്കുവാനുള്ള അനുമതി തേടി കൊണ്ട്… ചിലർ e-pass ഇല്ലെങ്കിൽ വരണ്ട എന്ന് മാത്രം പറഞ്ഞിട്ട് ഫോൺ വച്ചു… ലക്ഷദ്വീപ് M.P യുടെ ഓഫീസ് ലേക്ക് വിളിച്ചപ്പോ ‘നോക്കാം, MP യോട് ചോദിച്ചിട്ട് പറയാം’എന്ന് പറഞ്ഞു…ഞാൻ വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞു, ഇപ്പഴും അവരുടെ ഓഫീസിൽ നിന്ന് reply ഒന്നും വന്നിട്ടില്ല… സ്വന്തം MP പോലും താല്പര്യം കാണിക്കാതിരുന്ന എന്റെ വിഷയത്തിൽ നിങ്ങൾ കാണിച്ച ജാഗ്രതയ്ക്ക് ഒരു ആയുസ്സ് മുഴുവൻ നിങ്ങളോട് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു…

യൂണിവേഴ്സിറ്റി മാർച്ച്‌ 31 വരെ shut down ചെയ്യാനുള്ള JNU അഡ്മിനിസ്ട്രേഷന്റെ നോട്ടീസ് വന്നത് മാർച്ച്‌ പതിമൂന്നിനാണ്. ഡൽഹിയിലെ മുസ്ലിം വംശഹത്യയുടെ കാഴ്ചകൾ കണ്ട്, മരവിച്ചു പോയ സ്ഥിതിയിലായിരുന്നു മനസ്സ്…അത് കൊണ്ട് വീട്ടിൽ പോവണമെന്നുണ്ടായിരുന്നു. മറു ഭാഗത്ത് വർദ്ധിച്ചു വരുന്ന Covid-19 കേസുകൾ. Bypass സർജറി കഴിഞ്ഞിരിക്കുന്ന, 60 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് പോകുവാനുള്ള ധൈര്യം ഉണ്ടായില്ല… അങ്ങനെ, കർണാടകയിലുള്ള ഒരു സുഹൃത്തിന്റെ അടുത്തേക്ക് പോയി. രണ്ട് ആഴ്ചക്ക് ശേഷം ഏപ്രിൽ ഒന്നിന് തിരിച്ച് ഡൽഹിയിലേക്ക് പോവാം എന്നായിരുന്നു plan… എല്ലാ കണക്കുകളും തെറ്റിച്ച് കൊണ്ട് രാജ്യം ലോക്ക് ഡൗണിൽ ആയി…ആഴ്ചകൾ കഴിയുന്തോറും Covid കേസുകൾ കൂടി വന്നു. വീട്ടിലുള്ളവരുടെ ആധി കണ്ടപ്പോൾ എങ്ങനെയെങ്കിലും വീട്ടിൽ പോയി quarantined ആവാംന്ന് വിചാരിച്ചു…അതിന് ബോർഡർ കടക്കാനുള്ള കേരള ഗവണ്മെന്റിന്റെ permission വേണം.കേരളം താണ്ടാതെ lakshadweep എത്തുക അസാധ്യം…ഒരു സുഹൃത്ത് അയച്ച് തന്ന ലിസ്റ്റിൽ നിന്നും Karnataka to Kerala, യാത്രയെപ്പറ്റി അറിയാനായിട്ട്, Ms.സിമി മറിയം IPS നെ contact ചെയ്തു. ലക്ഷദ്വീപിലേക്കാണ് പോവേണ്ടത് എന്ന് പറഞ്ഞപ്പോ, അവിടത്തെ അഡ്മിനിസ്ട്രേഷനിൽ നിന്ന് അതിനുള്ള instructions ഒന്നും കിട്ടിയിട്ടില്ല എന്ന് മറുപടി വന്നു. രാത്രി മുതൽ ഒരു site open ആവും അതിൽ register ചെയ്യാൻ നോക്കാനും പറഞ്ഞു… ദ്വീപുകാരായത് കൊണ്ട്, വേറൊരു സംസ്ഥാനമോ മുഖ്യമന്ത്രിയോ ഞങ്ങളുടെ ഒരു കാര്യത്തിലും ഇടപെടാറില്ല…മരിച്ചാൽ ബോഡി പോലും തിരിച്ചു നാട്ടിൽ എത്തിക്കാറില്ല(ഈ കാര്യത്തിൽ അതിഥി തൊഴിലാളികൾ പോലും ഞങ്ങളെക്കാളും ഭാഗ്യം ചെയ്തവരാണെന്നു തോന്നി പോയിട്ടുണ്ട്). എന്തായാലും, കേരളത്തിലെ address വച്ച് ഏപ്രിൽ 29ന് നോർകയിൽ രജിസ്റ്റർ ചെയ്തു…further notifications-ന് wait ചെയ്തു…ഏപ്രിൽ 30-ന് വീട്ടിൽ നിന്നും വിളിച്ചിട്ട് May 2-ന് കപ്പലുണ്ട്, എങ്ങനെയെങ്കിലും കൊച്ചി എത്താൻ പറ്റുമോന്നു ചോദിച്ചു. എന്റെ ആങ്ങളമാർ രണ്ടാളും കാലിക്കറ്റിലാണ്. പ്രവാസികളൊക്കെ വരാൻ തുടങ്ങിയാൽ അവരുടെ movement പ്രശ്നമാവും. എന്നെ തനിച്ചാക്കി പോവാനുള്ള വിഷമത്തിൽ, എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ് രണ്ടാളും. ഈ സമയത്തതൊക്കെ, പുട്ടിനു പീരയിടുന്ന പോലെ, JNU ലെ സ്റ്റുഡന്റസ് കൗൺസിലറും, സുഹൃത്തുമായ വിഷ്ണു പ്രസാദിനെ ഓരോ ആവശ്യങ്ങൾക്കായി വിളിച്ച് കൊണ്ടേയിരുന്നു… അയാൾക്ക് പറ്റുന്ന രീതിയിലൊക്കെ അയാളും നോക്കുന്നുണ്ടായിരുന്നു. JNU ലെ ക്ലാസ്സ്‌മേറ്റായ ഹെന്നയെ വിളിച്ച് border-ൽ ഉള്ള ഉദ്യോഗസ്ഥരുടെ നമ്പർ സംഘടിപ്പിച്ച് അന്വേഷിച്ചപ്പോ, അവർക്ക് ഒരു രീതിയിലും ഒന്നും ചെയ്യാൻ പറ്റില്ല, ഗർഭിണികൾക്കും, രോഗികൾക്കും മാത്രമേ ഇളവുള്ളു എന്നറിഞ്ഞു. ഇത് തന്നെയാണ് വിഷ്ണുവും പറഞ്ഞത്…May 2 ന് ഉള്ള കപ്പൽ പോയാൽ ഇനി എന്നാണ് അടുത്ത കപ്പൽ എന്നറിയാത്തത് കൊണ്ട്, ആങ്ങളമാരോട് ‘എന്നെ നോക്കണ്ട നിങ്ങൾ പൊയ്ക്കോളൂന്ന്’ പറഞ്ഞു. ഞാൻ കാരണം എനിക്ക് അഭയം തന്ന സുഹൃത്തിനും നാട്ടിൽ പോവാൻ പറ്റാതെ നിൽക്കുകയാണ്. കേരള help desk നമ്പറുകളിലേക്ക് വിളിച്ചോണ്ടിരുന്നു, ഒന്നുകിൽ busy, അല്ലെങ്കിൽ ring തീരുന്നത് വരെ എടുക്കില്ല… ഒടുവിൽ നോർക്കയുടെ സൈറ്റിൽ കേറി നോക്കിയപ്പോ, ജാഗ്രത പോർട്ടലിൽ ഒന്ന് കൂടെ register ചെയ്യണമെന്ന് കാണിച്ചു…അത് ചെയ്തു. അപ്പോഴേക്കും May 2-ന് ഉള്ള കപ്പൽ പോയിരുന്നു. May 3-ന് Lakshadweep അഡ്മിനിസ്‌ട്രേഷന്റെ Covid-19 movement pass ന് apply ചെയ്തു. കർണാടകയുടെ സേവാ സിന്ധുവിലും രജിസ്റ്റർ ചെയ്തു. May 5-ന് വീണ്ടും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു, ‘waiting for action’എന്ന് കാണിച്ചു. ഡൽഹിയിലെ ഫോൺ നമ്പർ വച്ച് alternative address കൊടുത്ത് ഒന്ന് കൂടെ രജിസ്റ്റർ ചെയ്തു. എനിക്ക് ശേഷം register ചെയ്ത, എന്റെ കൂടെയുള്ള സുഹൃത്തിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാനായി കേരളത്തിൽ നിന്നും ഒരു medical officer വിളിച്ചു.അപ്പോഴും എന്റെ രണ്ട് ആപ്ലിക്കേഷനുകളും ‘waiting for action’ആയിരുന്നു. അന്വേഷിക്കാനായിട്ട് വയനാട് കലക്ടറിന്റെ നമ്പറുകളിലേക്ക് വിളിച്ചപ്പോഴും എടുത്തില്ല… വീട്ടിൽ നിന്ന് വിളിച്ചാൽ ഉപ്പയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞ് കരച്ചിലായത് കൊണ്ട് പറ്റുന്നതും ഉപ്പയോട് സംസാരിക്കാതെ ഒഴിവായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇമോഷണൽ സപ്പോർട്ട് തന്നത് വിഷ്ണു അടങ്ങുന്ന സുഹൃത്തുക്കളാണ്…അപ്പഴേക്കും എല്ലാ സർക്കാരുകളോടും കടുത്ത അമർഷം തോന്നി തുടങ്ങിയിരുന്നു…2 തവണ apply ചെയ്തിട്ടും എനിക്ക് മാത്രം e-pass കിട്ടിയില്ല. ഞങ്ങൾ മൂന്നു പേര് ഒരുമിച്ച് പോവാൻ taxi ready ആക്കിയിട്ടുണ്ട്. കൂടെയുള്ളവരുടെ യാത്രയും വഴി മുട്ടി നിൽക്കുകയാണ്, ഞാൻ കാരണം. Taxi driver-ന്റെ പെർമിറ്റും റെഡി ആയി. Help ഡെസ്കിലേക്ക് വിളിച്ചപ്പോൾ, e-pass കൂടെയുള്ളവർക്ക് ഉണ്ടായിട്ട് കാര്യമില്ല, എല്ലാർക്കും വേണമെന്ന്, single lady ആയാലും കേറ്റില്ലത്രേ…വീണ്ടും രജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോഴേക്കും ജാഗ്രത പോർട്ടൽ ബ്ലോക്ക്‌ ആയിട്ടുണ്ടായിരുന്നു. വിളിച്ചു ചോദിച്ചപ്പോ അറിഞ്ഞത്, applications കൂടുതൽ ആയത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞേ ഇനി apply ചെയ്യാൻ പറ്റൂ എന്നാണ്. May 9-ന് apply ചെയ്യാൻ നോക്കിയപ്പോ, വയനാട്(മുത്തങ്ങ) ബോർഡറിൽ ജൂൺ 1 വരെ slots ഇല്ല. ജൂൺ ഒന്ന് ആവുമ്പോഴത്തേക്ക് നാട്ടിൽ കടലിന്റെ സ്ഥിതി മാറും, യാത്ര ഭയങ്കര ബുദ്ധിമുട്ടാണ്, വേറെ ഒരു നിവർത്തിയുമില്ല..
അവസാനം മൂന്നാമത്തെ തവണ ‘മഞ്ചേശ്വരം’ ബോർഡർ വച്ച് ചെയ്തു, എനിക്ക് വേണ്ടി, എന്റെ കൂടെയുള്ള സുഹൃത്തുക്കളും മഞ്ചേശ്വരം കൊടുത്തു. ഞാനാണ് ഞങ്ങൾ മൂന്നാളുടെയും registration ചെയ്തത്. ഇത്തവണയും, ചെയ്ത അന്ന് തന്നെ അവർക്ക് e-pass കിട്ടി, എന്റേത് ‘Waiting for action’. ഇത്രയും ആയപ്പോഴേക്കും ധൈര്യമൊക്കെ പോയി. ഞാൻ കുടുങ്ങിയെന്നു വ്യക്തമായി.വീട്ടുകാരോട് വിശദീകരണം കൊടുത്ത് മടുത്തത് കൊണ്ടും, അവരുടെ കരച്ചിൽ കേൾക്കാൻ വയ്യാത്തത് കൊണ്ടും, വീട്ടുകാരോട് സംസാരിക്കാതെയായി. Academic assignments-ന്റെ pressure വേറെ. എല്ലാം കൂടെ suicidal condition-ൽ നിൽക്കുമ്പോഴാണ്, ഇക്കയുടെ കൂട്ടുകാരൻ നിഹാലിനെ ഓർമ വന്നത്. MLA, ഷാഫി പറമ്പിലിന്റെ ബന്ധുവാണ്. ഇക്കയെ കൊണ്ട് നിഹാലിനെ വിളിച്ച് സഹായം ചോദിപ്പിച്ചു. നിഹാൽ എന്നെ വിളിച്ചു, ‘ഷാഫി ഇക്കാനോട് സംസാരിച്ചു നോക്കാം, നീ ബേജാറാവല്ലേ’…വീണ്ടും ഒരു പ്രതീക്ഷ കൈ വന്നു. പിറ്റേന്ന് നിഹാൽ വിളിച്ചു, ‘ലക്ഷദ്വീപ് സർക്കാരിന്റെ request വേണം’, എനിക്ക് കപ്പൽ കേറാൻ medical test ആവശ്യമാണെന്നും, അത് നടത്താൻ കൊച്ചിയിൽ അത്യാവശ്യമായിട്ട് എത്തണമെന്നും കാണിച്ചു കൊണ്ട്, കേരള സർക്കാരിന് ഒരു letter. ഉപ്പയുടെ ഒരു പഴയ വിദ്യാർത്ഥി, ഇപ്പോ C.I ആണ്, അദ്ദേഹം വഴി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ mail വന്നു. അപ്പഴേക്കും ഷാഫി പറമ്പിൽ, വാളയാറിലെ ഏതോ പ്രശ്നവുമായി ബന്ധപ്പെട്ട് അങ്ങോട്ട് പോയി. രാത്രി വരുമ്പോ letter കൊടുക്കാമെന്നു, നിഹാൽ പറഞ്ഞു…നോമ്പ് കാലമായത് കൊണ്ടും, ലോക്ക് ഡൗൺ ആയത് കൊണ്ടും, രാത്രി ഉറക്കമൊക്കെ കണക്കാണ്…എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു നിഹാലിനെ വിളിച്ചു, ‘രാത്രി 2 മണി വരെ ഷാഫി ഇക്ക എത്തിയിട്ടില്ലായിരുന്നു, ഇന്ന് വീണ്ടും പോയി കാണാം’ന്നു പറഞ്ഞു…രാത്രി 2 മണിക്കും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി ഓടി നടക്കുന്ന അയാളെ ഓർത്തപ്പോ എനിക്ക് അത്ഭുതം തോന്നി… കാരണം, ഞങ്ങളുടെ ലക്ഷദ്വീപ് MP എന്റെ കാര്യത്തിൽ ഒരു താല്പര്യവും കാണിച്ചില്ല… MP യുടെ P.A എന്നെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളായി, ഒന്നും നടന്നിട്ടില്ല…അപ്പോഴാണ് ഇങ്ങനെയൊരു മനുഷ്യൻ… പുലരുവോളം ജനങ്ങൾക്ക്‌ വേണ്ടി നെട്ടോട്ടമോടിയിട്ട് വന്ന്, ഒരു പരിചയവുമില്ലാത്ത, ഒരു വോട്ട് പോലും ലഭിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാര്യത്തിന് വേണ്ടിയും കഷ്ടപ്പെടുന്നു. ഇതൊക്കെ കൊണ്ടാവും അയാളിത്ര ജനപ്രിയനായത്… ഉച്ചയ്ക്ക് നിഹാൽ വിളിച്ചു. CM ന്റെ വാർ റൂമിൽ നിന്നും എനിക്ക് കാൾ വരുമെന്ന് പറഞ്ഞു. അവര് വിളിച്ചു, എറണാകുളം കളക്ടറേറ്റിലെ നമ്പർ തന്നു… അങ്ങോട്ട് കുറേ വിളിച്ചെങ്കിലും എടുത്തില്ല…വീണ്ടും നിഹാലിനെ വിളിച്ചു… കുറച്ച് കഴിഞ്ഞപ്പോ ഇങ്ങോട്ട് കളക്ടറേറ്റ്ന്ന് വിളിച്ചു, അവര് നോക്കട്ടേന്ന് പറഞ്ഞു…May 10 ആയി. May 11ന് ആണ് last application-ൽ, ബോർഡർ കടക്കാനുള്ള date കൊടുത്തത്. May 12ന് medical test attend ചെയ്യണം… വാർ റൂമിൽ നിന്നും വീണ്ടും കാൾ വന്നു എന്തായി എന്ന് അന്വേഷിച്ചു കൊണ്ട്…’ഒന്നുമായില്ല’ എന്ന് മറുപടി കൊടുത്തു… നിഹാൽനെ വിളിച്ചു…3 മണിക്ക് പുറപ്പെടണം, എന്നാലേ മഞ്ചേശ്വരത്ത് കൊടുത്ത സമയത്ത് എത്താൻ പറ്റൂ. എന്ത് ചെയ്യണം? പാക്ക് ചെയ്തോ, നീ ബോർഡർ എത്തുമ്പോഴേക്കും ഇത് റെഡി ആക്കാൻ നോക്കാം… ഷാഫി പറമ്പിൽ എന്തെങ്കിലും ചെയ്യും എന്ന ഒറ്റ വിശ്വാസത്തിൽ ഞാൻ bag pack ചെയ്തിറങ്ങി. വാർ റൂമിൽ നിന്നും കിട്ടിയ നിർദ്ദേശ പ്രകാരം, 5 മണിക്ക് ഒന്ന് കൂടെ കളക്ടറേറ്റ്ലേക്ക് വിളിച്ചു…അപ്പഴാണ് പ്രശ്നം അറിയുന്നത്, താലൂക്ക് ഓഫീസിൽ നിന്നും approval വന്നില്ല. ഷാഫി പറമ്പിൽനെ വീണ്ടും വിളിപ്പിച്ചു. ‘ശരിയാക്കാം’.രാത്രി 9.45 ന് നിഹാലിന്റെ call, ‘പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു, അങ്ങനെയൊരു application വന്നിട്ടില്ലെന്ന്’. ‘അപ്പോ എനിക്ക് ഓരോ തവണയും, ‘Waiting for action’ എന്ന് മറുപടി വന്നതോ?! ‘എന്തായാലും ഒന്ന് കൂടി apply ചെയ്യണം’. ബിസ്മില്ലാ…ഒന്നൂടെ ഞാൻ വണ്ടിയിലിരുന്ന് apply ചെയ്തു.എന്ത് സംഭവിച്ചാലും ഇനി ഒരു application ഞാൻ ഇതിനു വേണ്ടി കൊടുക്കില്ലെന്ന് മനസ്സിൽ വിചാരിച്ചു. നിസഹായത ദേഷ്യമായി മാറിയിരുന്നു…കളക്ടറേറ്റ് ലേക്ക് വിളിച്ചു apply ചെയ്തിട്ടുണ്ട്ന്ന് അറിയിച്ചു. ‘ഇനിയിപ്പോ നാളെ രാവിലെ 9.30 കഴിഞ്ഞേ എന്തേലും ചെയ്യാൻ പറ്റു, സ്റ്റാഫ്‌ ഒക്കെ വീട്ടിൽ പോയി’, എന്ന് മറുപടി വന്നു. രാവിലെ 6 മണിക്ക് ഞങ്ങൾ എത്തും. ഇനിയും കഴിഞ്ഞ പ്രാവശ്യമൊക്കെ സംഭവിച്ചത് പോലെ ‘waiting for action’ കാണിച്ച് പറ്റിക്കൽ ആണെങ്കിൽ, ബോർഡറിൽ tent കെട്ടി താമസക്കേണ്ടി വരും. 9.30ന് സ്റ്റാഫ്‌ വന്നാലും, application കിട്ടിയില്ല എന്ന് പറയുമോന്നാണ് പേടി… നിഹാൽനെ വിളിച്ചു, എന്തായാലും പുറപ്പെട്ടു, ഇനി തിരിച്ചില്ല, മുന്നോട്ട് തന്നെ. വരുന്നത് വരട്ടെ… ഫോൺ കട്ട്‌ ആയപ്പോഴേക്കും, ‘download your e-pass’ എന്ന് notification വന്നു… എന്റെ കണ്ണ് നിറഞ്ഞു… വീണ്ടും നിഹാലിന്റെ call വന്നു. ഞങ്ങൾ പോവുന്ന karnataka vehicle ന് ബോർഡർ കടക്കാൻ പറ്റില്ലെന്ന് പുള്ളിയോട് പറഞ്ഞിരുന്നു. കാസർഗോഡ് യൂത്ത് കോൺഗ്രസ്‌ നേതാവ്, Noel Joseph ന്റെ നമ്പർ തന്നു അയാൾ Taxi അറേഞ്ച് ചെയ്തു തരുമെന്ന് പറഞ്ഞു. വെളുപ്പിന് 5.30 ന് ബോർഡർ എത്തി. കർണാടക ചെക്ക് പോസ്റ്റിലെ procedures കഴിഞ്ഞ്, ഞങ്ങൾ കേരളത്തിലേക്ക് നടന്നു. ‘Welcome to Kerala’ എന്ന board ആ മങ്ങിയ വെളിച്ചത്തിലും,തെളിഞ്ഞു കണ്ടു.സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഓരോ ചുവട് കേരളത്തിലേക്ക് അടുക്കുമ്പോഴും നെഞ്ചിടിപ്പ് കൂടി വന്നു.എന്തോ, മെക്സിക്കൻ അതിർത്തി നടന്ന് കടന്ന് അമേരിക്കയിൽ എത്തിയ അഭയാർഥികളെ ഓർത്തു പോയി… Kerala ബോർഡർ നടന്ന് കേറി. ഞങ്ങളെ കൈ കാട്ടി നിറുത്തിയ പോലീസ്‌കാരൻ മലയാളത്തിൽ സംസാരിച്ചപ്പോ,’പടച്ചോനെ, ഇനി മരിച്ചാലും കുഴപ്പമില്ല നാടെത്തിയല്ലോ’ ന്ന് തോന്നി പോയി. Noel Joseph-നെ വിളിച്ചു. വണ്ടി റെഡി. പോവുന്ന വണ്ടിയുടെയും driverന്റെയും details കൊടുത്താലേ procedure complete ആവൂ. അപ്പോ ഞാൻ ഓർക്കുകയായിരുന്നു, ബോർഡറിൽ വണ്ടി റെഡിയാണ് എന്ന് പറഞ്ഞ് വന്ന forward msgs. അവിടെ ഗവണ്മെന്റ് വക ഒരു taxi പോലും ഞാൻ കണ്ടില്ല…6.45 ആയപ്പോഴേക്ക് ഞങ്ങൾ ‘അതിർത്തിയിൽ നിന്നും, കേരളത്തിലേക്ക്’ യാത്ര തിരിച്ചു. യാത്രയിൽ മുഴുവനും ഞാൻ ആലോചിച്ചത്, എന്നെ പോലെ എത്ര പേർ ‘waiting for action’ -ൽ വിശ്വസിച്ച് പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടാവും എന്നാണ് ! എന്തിനാണ് അവരുടെ e-pass approve ആവാത്തത് എന്ന് പോലും അറിയാതെ, ഒരു ഷാഫി പറമ്പിൽമാരും രക്ഷക്കെത്താതെ എത്ര പേർ!! ഇന്ന് medical ടെസ്റ്റും കഴിഞ്ഞ് കപ്പലും കാത്ത് ഇരിക്കുമ്പോ, നേരത്തെ ചെയ്തു വച്ച ഏതോ ഒരു രെജിസ്ട്രേഷൻ അപ്പ്രൂവ് ആയെന്നു msg വന്നു…Time travel ചെയ്യാൻ പറ്റിയാൽ ഞാൻ തിരിച്ചു കർണാടകത്തിലേക്ക് പോയിട്ട് ഒന്നൂടെ കേരളത്തിലേക്ക് വന്നേനെ, എന്നാലേ അതിൽ കൊടുത്ത date-ൽ യാത്ര ചെയ്യാൻ പറ്റു…
Helpline numbers-ലേക്ക് വിളിച്ചപ്പോ പല പ്രാവശ്യം ഉദ്യോഗസ്ഥരുടെ സംസാര രീതി വിഷമിപ്പിച്ചിട്ടുണ്ട്. പരുഷമായ സംസാരം നേരിട്ടിട്ടുണ്ട്. പക്ഷേ ഷാഫിക്കയോട്, നിഹാൽ വഴിയാണെങ്കിലും പറഞ്ഞതും ചോദിച്ചതുമായ ഓരോ കാര്യത്തിനും അപ്പപ്പോൾ തന്നെ മറുപടി കിട്ടിയിട്ടുണ്ട്, ഒട്ടും മുഷിവ് കാട്ടാതെ… നന്ദിയുണ്ട് ഒരുപാട്, സാധാരണക്കാരുടെ പ്രശ്നങ്ങൾ നേതാക്കന്മാരിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന എല്ലാ നിഹാൽമാരോടും, സ്വന്തം ആരോഗ്യവും, സുഖവും നോക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓട്ടപാച്ചിൽ നടത്തുന്ന എല്ലാ ഷാഫി പറമ്പിൽമാരോടും…വഴി മുട്ടി നിൽക്കുന്ന ഞങ്ങളെ പോലെയുള്ളവരുടെ മുന്നിൽ ദൈവദൂതരായി അവതരിക്കുന്നതിന്, പ്രതിഫലം പ്രതീക്ഷിക്കാതെ സഹായവുമായി എത്തുന്നതിന്…പാഴ് വാക്ക് കൊണ്ട് വഞ്ചിക്കാതിരുന്നതിന്….

നന്ദി