ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍

Jaihind Webdesk
Monday, January 21, 2019

evm

ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍ സയ്ദ് ഷൂജ.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും, ഉത്തര്‍പ്രദേശ്, ഗുജറാത്, മഹാരാഷ്ട്ര എന്നീ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നുവെന്ന് സയ്ദ് ഷൂജ എന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ വെളിപ്പെടുത്തി.

ബി.ജെ.പി നേതാവായ ഗോപിനാഥ് മുണ്ടെയ്ക്കും 2014 തെരഞ്ഞെടുപ്പിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ് സമ്പത്തിനും ഇക്കാര്യം അറിയാമായിരുന്നുവെന്നും  യു.എസ് ഹാക്കർ പറഞ്ഞു. വിവരം വെളിപ്പെടുത്താനിരിക്കെയാണ് ഗോപിനാഥ് മുണ്ടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകയും സാമൂഹിതപ്രവര്‍ത്തകയുമായിരുന്ന ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബന്ധമുണ്ടെന്നും ഷൂജ വെളിപ്പെടുത്തി.

ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തലുണ്ടായത്. ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന രേഖകളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്‍റെ കയ്യില്‍ ഇത് സംബന്ധിച്ച രേഖകളുണ്ടെന്നും ആവശ്യമെങ്കില്‍ നല്‍കാന്‍ തയാറാണെന്നും ഹാക്കര്‍ മറുപടി നല്‍കി.

അതേസമയം  തെരഞ്ഞെടുപ്പിന് വേണ്ടുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കും ശക്തമായ സുരക്ഷയിലുമാണ് തയാറാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. വിഷയം പ്രത്യേകമായി പഠിച്ച് എന്ത് നിയമനടപടി സ്വീകരിക്കാനാവുമെന്ന് പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.