ചത്തീസ്ഗഢ് വോട്ടിംഗ് മെഷീന്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകുന്നു; ചരിത്ര നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

Jaihind Webdesk
Friday, October 18, 2019

ചത്തീസ്ഗഢില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇ.വി.എം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ വോട്ടിംഗിലേക്ക് പോകാന്‍ ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൃത്രിമം നടക്കുന്നുണ്ടെന്നും ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആരോപണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.  അതേസമയം തിരഞ്ഞെടുപ്പില്‍ ഇ.വി.എം സമ്പ്രദായം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാനാവില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇ.വി.എം സമ്പ്രദായം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്ന ആദ്യത്തെ സംസ്ഥാനമാണ് ചത്തീസ്ഗഢ്.

മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയര്‍, ചെയര്‍പെഴ്‌സണ്‍ സീറ്റുകളിലേക്ക്പരോക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഒരിക്കലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും പൂര്‍ണ സുരക്ഷയാണുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഒരു സബ് കമ്മിറ്റിയെ ഛത്തീസ്ഗഡ് മന്ത്രിസഭ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രത്യേകിച്ച മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി ശിവ് ഡാറിയ പറഞ്ഞു.