സമരക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം അവസാനിപ്പിച്ചു

Jaihind Webdesk
Sunday, February 3, 2019

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ചുദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

2017 ല്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയ ദുരിത ബാധിതര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. അന്ന് 18 വയസ്സ് പൂര്‍ത്തിയായാവര്‍ക്ക് ആനുകൂല്യം നല്‍കാനാണു തീരുമാനം. തുടര്‍നടപടികള്‍ക്ക് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കി. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി സമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളടക്കം കാര്യമായെടുക്കുന്നില്ലെന്നും ദയാബായി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ സമരം നിര്‍ത്തിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതിയും നിലപാടെടുത്തു. ഇതിനു പിന്നാലെയായിരുന്നു സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചര്‍ച്ചയ്ക്കായി വിളിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം വ്യാപിപ്പിച്ചിരുന്നു. ഞായറാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.