എന്‍ഡോസള്‍ഫാന്‍ സമരത്തെ പരസ്യമായി തള്ളി മന്ത്രി കെ.കെ ശൈലജ

Jaihind Webdesk
Saturday, February 2, 2019

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തെ പരസ്യമായി തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം എന്തിനുവേണ്ടിയാണെന്ന് അറിയില്ല. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും സമരക്കാരുടെ ആവശ്യങ്ങൾ  സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ദുരിതബാധിതരുടെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പട്ടിണി സമരം നാലാം ദിവസത്തിലേക്ക് കടന്നു. അഞ്ചാം ദിവസമായ നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കട യാത്ര നടത്തും.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശങ്ങൾ പൂർണമായും നടപ്പാക്കുക. പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ പെടുത്തുക 2017 ലെ സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദുരിതബാധിതരുടെ കുടുംബം സമരം ചെയ്യുന്നത്.

സമരം ചെയ്യുന്നവർക്ക് പിന്തുണയും ആശ്വാസവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  വി.എം സുധീരൻ, എം.എം ഹസൻ ഉൾപ്പെടെ നിരവധി നേതാക്കള്‍ സമരപന്തലിൽ എത്തിയിരുന്നു. സാമൂഹിക പ്രവർത്തക ദയാബായിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവരോടൊപ്പം ഉണ്ട്.