സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ കേസ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചു ; വുഹാനില്‍ നിന്നെത്തിയ വിദ്യാർത്ഥി

Jaihind News Bureau
Sunday, February 2, 2020

ആലപ്പുഴ : സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ കേസും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വിഭാഗത്തിലാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത്. തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കൊപ്പം ചൈനയിൽ നിന്ന് എത്തിയതാണ് ഈ വിദ്യാർത്ഥിയും.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ തൊണ്ടയിൽ നിന്ന് സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കൊറോണ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ ആരോഗ്യനില  തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയില്‍ നാല് പേരാണ് ഐസൊലേഷന്‍ വാർഡില്‍ കഴിയുന്നത്. ആർ.എം.ഒ ക്വാർട്ടേഴ്സിലെ ഐസൊലേഷൻ വാർഡിൽ നാല് മുറികളാണ് തയാറാക്കിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പരിഭ്രാന്തരാകേണ്ടതില്ലെന്നും കൊറോണ ബാധിച്ചാലുടനെ മരിക്കുമെന്ന തരത്തിലുള്ള ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. കർശന ജാഗ്രതയും മുന്‍കരുതലുമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം :

https://gisanddata.maps.arcgis.com/apps/opsdashboard/index.html?_ga=2.22540542.497237340.1580622878-906206304.1573784371#/bda7594740fd40299423467b48e9ecf6