ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 850 കവിഞ്ഞു

Jaihind Webdesk
Monday, October 1, 2018

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 850 കഴിഞ്ഞതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കാണാതായ ആയിരങ്ങളെക്കുറിച്ച് ഇനിയും വിവരമില്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

ദുരന്തമേഖലകളിൽ പലയിടത്തും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ ജനങ്ങൾ കടകളും മറ്റും കൊള്ളയടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രസിഡൻറ് ജോക്കോ വിഡോഡോ ദുരന്തമേഖല സന്ദർശിച്ചു.

രക്ഷാപ്രവർത്തകർ കൂടുതൽ മേഖലകളിൽ എത്തിച്ചേരാനുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം. അന്തിമ മരണസംഖ്യ ആയിരങ്ങൾ വരുമെന്നാണ് വൈസ് പ്രസിഡൻറ് ജൂസുഫ് കല്ല കഴിഞ്ഞദിവസം പറഞ്ഞത്. സുലവേസിയുടെ തലസ്ഥാനമായ പാലുവിലും ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തോട് അടുത്ത ഡോംഗാല പട്ടണത്തിലും സർവനാശമാണ് കാണുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തകർന്നടിഞ്ഞ ഭവനങ്ങളും കെട്ടിടങ്ങളും കടപുഴകിയ മരങ്ങളും ചിതറിക്കിടക്കുന്ന വാഹനങ്ങളും കാണാം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

മതിയായ യന്ത്രസംവിധാനങ്ങളില്ലാത്തത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നതും പ്രശ്‌നം സൃഷ്ടിക്കുന്നു. ഭൂകമ്പത്തിൽ ദുർബലമായ കെട്ടിടങ്ങളും ഭീഷണിയുയര്‍ത്തുന്നു. റോഡുകളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമെല്ലാം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. പാലുവിലെ ആശുപത്രിമുറ്റത്ത് ഡസൻകണക്കിന് മൃതദേഹങ്ങളാണ് കാണപ്പെടുന്നത്.

7.5 തീവ്രവതയുള്ള ഭൂകന്പവും തുടർചലനങ്ങളുമാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. 20 അടി ഉയരമുള്ള സുനാമി തിരമാലകളും ഇതിനെ തുടർന്നുണ്ടായി. ദുരന്തസമയത്ത് പാലുവിലുണ്ടായിരുന്ന 71 വിദേശികളിൽ ഭൂരിഭാഗവും സുരക്ഷിതരാണെന്നാണ് ഇന്തോനേഷ്യൻ അധികൃതർ നൽക്കുന്ന വിവരം.