അൽബേനിയയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി

Jaihind News Bureau
Wednesday, November 27, 2019

തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം 6.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 600ലേറെ പേർക്ക് പരിക്കുണ്ട്.  ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽനിന്ന് 34 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറ് ഭാഗത്തും തീരനഗരമായ ഡുർറസിലുമാണ് ഭൂചലനം കഴിഞ്ഞ ദിവസം ഉണ്ടായത്. ഭൂചലനത്തിൽ പരിക്കേറ്റ മുന്നൂറിലേറെ പേരെ ടിരാനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ പേർ വീടുകൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്.

ഭൂചലനം കണ്ട് ഭയന്ന് ജനലിൽകൂടി താഴേക്കു ചാടിയ ആളും മരിച്ചവരിലുൾപ്പെടുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അൽബന ക്വഹജാജ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ തന്‍റെ ശരീരം തൊട്ടിലാക്കി പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വയോധികയും മരിച്ചു. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള പട്ടണമായ തുമാനെയിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് അൽബേനിയൻ പ്രസിഡൻറ് ഹിളിർ മേത്ത പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യവും ഫയർഫോഴ്‌സും രംഗത്തുണ്ട്.  മണിക്കൂറുകൾക്കുശേഷം സമീപ രാജ്യമായ ബോസ്‌നിയയിലെ മോസ്റ്ററിലും ഭൂചലനമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.