ഗുജറാത്തിലെ കച്ചില്‍ ഭൂചലനം ; 4.3 തീവ്രത രേഖപ്പെടുത്തി

Jaihind Webdesk
Monday, November 18, 2019

ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് 7 മണിയോടെയാണ് ഭൂചലനമുണ്ടായത്. രാവിലെയും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു.

കച്ച് ജില്ലയിലെ ഭചാവുവിന് 23 കിലോമീറ്റർ വടക്ക്-കിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐ‌.എസ്‌.ആർ) ഉദ്യോഗസ്ഥർ പറഞ്ഞു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ എം നാഗരാജൻ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ കച്ച് ജില്ലയില്‍ രാവിലെ 9.22 ന് 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ദുഡായിയുടെ വടക്ക്-പടിഞ്ഞാറ് 16 കിലോമീറ്റർ മാറിയായിരുന്നു ഇതിന്‍റെ പ്രഭവകേന്ദ്രം. 2001 ജനുവരിയിൽ കച്ചിലുണ്ടായ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.