സുനാമി : ഇന്തോനേഷ്യയിൽ മരണസംഖ്യ 373 ആയി

Jaihind Webdesk
Tuesday, December 25, 2018

Tsunami-Indonesia-373

ഇന്തോനേഷ്യൻ തീരത്ത് വൻനാശം വിതച്ച സുനാമിയിൽ മരണസംഖ്യ 373 ആയി. 1016 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. സമുദ്രത്തിലെ അനാക് ക്രാക്കത്താവു അഗ്‌നിപർവത സ്‌ഫോടനത്തെ തുടർന്നായിരുന്നു സുനാമി രൂപപ്പെട്ടത്.

അഗ്‌നിപർവത സ്‌ഫോടനം അവസാനിച്ചിട്ടില്ലാത്തതിനാൽ ഇനിയും സുനാമി സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിയാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

ഇന്തോനേഷ്യയിലെ മുന്നറിയിപ്പ് സംവിധാനം ഭൂചലനങ്ങളെക്കുറിച്ചുള്ള സൂചന മാത്രമേ നൽകൂ. അഗ്‌നിപർവത സ്‌ഫോടനങ്ങളെയും സമുദ്രാന്തർഭാഗത്തെ മാറ്റങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമില്ല. ലോകത്തിലെ അഗ്‌നിപർവതങ്ങളിൽ 13 ശതമാനവും ഇന്തോനേഷ്യയിലാണെന്നിരിക്കെ അത്തരം സംവിധാനം ഒരുക്കുന്നത് പ്രധാനമാണെന്നാണ് ദുരന്തനിവാരണ ഏജൻസിയുടെ വിലയിരുത്തൽ.

രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ പ്രസിഡന്റ് ജൊക്കോ വിദോദോ സർക്കാർ ഏജൻസികൾക്ക് നിർദേശം നൽകി. കൂടുതൽ വൈദ്യസഹായം എത്തിക്കുമെന്ന് ഇന്തോനേഷ്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദ്വീപിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.