ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രതികാര നടപടി തുടരുന്നു; കഫീൽ ഖാന്‍ കസ്റ്റഡിയില്‍

Jaihind Webdesk
Sunday, September 23, 2018

ഡോ.കഫീൽ ഖാനെതിരായ ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രതികാര നടപടി തുടരുന്നു. കഫീൽ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. 79 ശിശു മരണങ്ങളുണ്ടായ ആശുപത്രി സന്ദർശിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ ബഹ്റായ് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ 79 ശിശു മരണങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് കഫീൽ ഖാൻ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളോടും ജീവനക്കാരോടും സംസാരിച്ച് പുറത്തിറങ്ങി മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കഫീൽ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയ കഫീൽ ഖാനെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

അനധികൃതമായാണ് കഫീൽ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ അദീൽ അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സസ്പെൻഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് 79 കുഞ്ഞുങ്ങൾ മരണപ്പെടാൻ ഇടയാക്കിയതെന്ന് കഫീൽ ഖാൻ നേരത്തെ ആരോപിച്ചിരുന്നു.

ബിആർഡി മെഡിക്കൽ കോളേജ് മുൻ ശിശുരോഗ വിദഗഗ്ധനായ കഫീൽ ഖാനെ ഇത് രണ്ടാം തവണയാണ് അറസ്റ്റ് ചെയ്യുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീൽ ഖാൻ രംഗത്തെത്തിയതോടെയാണ് യുപി സർക്കാർ കഫീൽ ഖാനെതിരെ പ്രതികാരനടപടികൾക്ക് തുടക്കമിട്ടത്.