സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവത്ക്കരിക്കരുത്: പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

Jaihind Webdesk
Thursday, February 28, 2019

Opposition Parties Joint Statement

സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കാൻ തയാറാകാത്തതിനെയും ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം വിമർശിച്ചു.

പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിന്‍റെ സുരക്ഷയിൽ ആശങ്ക അറിയിച്ച പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ദേശസുരക്ഷ എല്ലാത്തിനും മുകളിലായിരിക്കണം. രാജ്യത്തിന്‍റെ പരമാധികാരവും ഐക്യവും സംരക്ഷിക്കാൻ സർക്കാർ രാജ്യത്തെ വിശ്വാസത്തിലെടുക്കണം. സങ്കുചിതമായ രാഷ്ട്രീയ പരിഗണനകളുടെ പേരിൽ ദേശീയ സുരക്ഷയെ അപായപ്പെടുത്തരുതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബി.ജെ.പിയുടെ നേട്ടമായി അവതരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും പ്രസ്താവനയിൽ വിമർശിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് ശേഷം രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും മോദിയാണ് ഒരേയൊരു ലോക നേതാവ് എന്ന് അമിത് ഷാ നടത്തിയ പ്രസ്താവനയും എടുത്തുപറഞ്ഞായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിമർശനം.

ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള പാകിസ്ഥാന്‍റെ സൈനിക നീക്കങ്ങളെ യോഗം അപലപിച്ചു. രാജ്യം സൈനികന്‍റെ ജീവനിൽ ആശങ്കപ്പെടുമ്പോഴും പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളിൽ മുഴുകുന്നതിനെയും പ്രതിപക്ഷം വിമർശിച്ചു. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച പ്രതിപക്ഷ പാർട്ടികൾ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.