നോട്ട്‌നിരോധനത്തിന്‍റെ മറവിൽ കേന്ദ്രത്തിന്‍റെ കള്ളക്കളി; കള്ളനോട്ടുകൾ മാറാൻ ഒത്താശ

Jaihind Webdesk
Wednesday, February 6, 2019

National-Herald

നോട്ട്‌നിരോധനത്തിന്‍റെ മറവിൽ വൻതോതിൽ കള്ളനോട്ടുകൾ മാറാൻ കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആരോപണം. തിരിച്ചെത്തിയ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ ഹെറാൾഡാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പല റിപ്പോർട്ടുകളും പൂഴ്ത്തിവെയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

റിസർവ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് നിരോധിച്ച 1000 രൂപയുടെയും 500 രൂപയുടെയും 14.11 ലക്ഷംകോടി നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. എന്നാൽ നോട്ടു നിരോധനത്തിനു ശേഷം ബാങ്കുകളിലൂടെ തിരിച്ചെത്തിയത് 15.28 ലക്ഷംകോടി നോട്ടുകളാണ്.

അതായത് 1.16 ലക്ഷം കോടി നോട്ടുകൾ അധികമായി ബാങ്കുകളിലൂടെ എത്തി. ഇവ കള്ളനോട്ടുകളാണെന്നത് വ്യക്തമാണ്. 15.44 കോടി നോട്ടുകൾ പിൻവലിച്ചുവെന്നാണ് 2017 ഓഗസ്റ്റിൽ ധനകാര്യമന്ത്രി അരുൺ ജെയിറ്റ്‌ലി പറഞ്ഞത്.

ബാങ്കുകളിലൂടെ 15.28 ലക്ഷം കോടി തിരിച്ചെത്തി. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് വിവരാവകാശ ചോദ്യത്തിന് മറുപടിയായി 2017 നവംബർ 24ന് ആർബിഐ അറിയിച്ചത്.

നിരോധിച്ച 1000 രൂപയുടെ 6.26 ലക്ഷം കോടി നോട്ടുകൾ വിനിമയത്തില്‍ ഉണ്ടായിരുന്നുവെന്നാണ് 2016-17 മാർച്ച് വരെയുള്ള റിസർവ് ബാങ്ക് ആനുവൽ റിപ്പോർട്ട് പറയുന്നത്. 500 രൂപയുടെ 7.85 ലക്ഷം കോടി നോട്ടുകളും വിപണിയിലുണ്ടായിരുന്നു. എന്നാൽ ബാങ്കുകൾ വഴി തിരിച്ചെത്തിയെന്ന് സർക്കാർ അവകാശപ്പെടുന്ന 15.28 കോടിയേക്കാൾ കുറവാണ് ഈ സംഖ്യ. റിസർവ് ബാങ്കിന്റെ 2018 മാർച്ചിലെ റിപ്പോർട്ട് അനുസരിച്ച് ഇനിയും 6.6 കോടി നോട്ടുകൾ തിരികെ വരാനുണ്ട്.

റിപ്പോർട്ടുകളിലുള്ള ഈ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി 2017-18 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ മനോരഞ്ജൻ റോയ് സെൻട്രൽ ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയിൽ പരാതി നൽകി. ബോംബെ ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിട്ടുണ്ട്.
2000 മുതൽ 2018 വരെയുള്ള കാലയളവിൽ 10,400 കോടി 1000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അച്ചടിച്ചിട്ടുണ്ടെന്ന് മറ്റു വിവരാവകാശ രേഖകൾ പറയുന്നു.