ശബരിമലയില്‍ സര്‍ക്കാരും പോലീസും ചേര്‍ന്നുള്ള കപടനാടകം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, December 24, 2018

Mullappally-Ramachandran-KPCC

 

ശബരിമലയിൽ സർക്കാരും പോലീസും കപടനാടകം കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം കേരള-തമിഴ്‌നാട് ഘടകങ്ങളുടെ ഒത്തുകളിയാണ് മനിതി സംഘത്തിന്‍റെ ശബരിമല സന്ദർശനമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു. 2 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സംസ്ഥാന സർക്കാർ എഴുതി തള്ളണം. ഈമാസം 29ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ശബരിമല വിഷയമാണ് സംസ്ഥാനത്തെ സങ്കീർണ വിഷയമെന്ന് കോൺഗ്രസ് കരുതുന്നില്ല. എന്നാൽ ശബരിമല വിഷയത്തിൽ സി.പി.എമ്മും ആർ.എസ്.എസും രാഷ്ട്രീയ ഒത്തുകളിനടക്കുകയാണെന്നും, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 5 തവണ ശബരിമലയിൽ സർക്കാർ പോലീസിനെ ഉപയോഗിച്ച് കപടനാടകം കളിച്ചെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തിന്‍റെ മറവിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും, കർഷകരുടെ ദുരിതങ്ങളും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നതായും കെ.പി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. കോൺഗ്രസ് വിജയിച്ച 3 സംസ്ഥാനങ്ങളിൽ 2 ലക്ഷം രൂപവരെയുളള കാർഷിക കടങ്ങൾ എഴുതിത്തള്ളി മാതൃക കാണിച്ചു. കേരളത്തിലും 2 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സംസ്ഥാന സർക്കാർ എഴുതി തള്ളണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ഈമാസം 29ന് തിരുവനന്തപുരത്ത് ചേരുന്ന രാഷ്ട്രീയ കാര്യസമിതി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിശദമായി ചർച്ചചെയ്യും. ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റുമെന്ന മാധ്യമവാർത്ത പൂർണമായും തെറ്റാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

https://www.youtube.com/watch?v=MVydhURa7Zw