ആദിവാസി യുവതിയെ മര്‍ദ്ദിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവും അറസ്റ്റില്‍

Jaihind Webdesk
Monday, June 24, 2019

അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ സി.പി.എം വനിതാ പ്രതിനിധിയെയും ബ്രാഞ്ച് സെക്രട്ടറിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചാവടിയൂര്‍ സ്വദേശി തായമ്മയെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം ഡിവിഷനായ ചാവടിയൂരില്‍ നിന്നുള്ള അംഗമാണ് സരസ്വതി. ആദിവാസിയാണെന്ന് സ്വയം സ്ഥാപിക്കാന്‍ വ്യാജരേഖ ചമച്ച കേസിലും പ്രതിയാണ് ശക്തിവേല്‍.

ചാളയൂരില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശിക കോണ്‍ഗ്രസ് നേതാവ് രാമന്‍കുട്ടിയുമായി ശക്തിവേലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 13ന് രാത്രി ശക്തിവേലും സരസ്വതിയും ഉള്‍പ്പെട്ട സംഘം രാമന്‍കുട്ടിയെയും പട്ടികജാതിക്കാരിയായ മരുമകളെയും മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. രാമന്‍കുട്ടിയുടെ ഭാര്യയാണ് പരാതി നല്‍കിയത്. പ്രതികളുടെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സതേടിയ ഇവരെ ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

ആശുപത്രിയില്‍െവച്ച് തായമ്മയെ ഉപദ്രവിച്ച സംഭവത്തില്‍ സരസ്വതിയുടെ മകന്‍ പ്രവീണിനെതിരെയും കേസുണ്ട്. പ്രവീണ്‍ ഒളിവിലാണ്. ജൂണ്‍ 13നാണ് കേസിനാസ്പദമായ സംഭവം  കേസന്വേഷണവുമായി സഹകരിക്കാതെ സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീണ്‍ ഒളിവില്‍പ്പോയ സാഹചര്യത്തിലാണ് സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി. നവനീത് ശര്‍മ അറിയിച്ചു.

teevandi enkile ennodu para