കോവിഡ് 19: കണ്ണൂരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 43 ആയി

കണ്ണൂർ: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന 20 പേരെ കൂടി ശനിയാഴ്ച്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി ഉയർന്നത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുമായി ദുബായിയില്‍ വെച്ച് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുപേര്‍ ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ നേരിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 20 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണുള്ളത്. 260 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 76 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്. 31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മതസംഘടനാ നേതാക്കളുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.

Comments (0)
Add Comment