എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ നടപടി വേണം; കോൺഗ്രസ് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, November 29, 2019

കേരളത്തിലെ കോളേജുകളെ  ഗുണ്ടകളേയും അധോലോക നായകന്‍മാരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിരപരാധിയായ കെ.എസ്.യു പ്രവര്‍ത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗിച്ച് ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്.

കോളേജ് മാനേജ്മെന്‍റിന്‍റേത് എസ്.എഫ്.ഐ അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുന്ന സമീപനമാണ് പ്രിന്‍സിപ്പാളിന്‍റേത്. ഇത് അംഗീകരിക്കാനാവില്ല. കലാലയങ്ങളില്‍ സി.പി.എം പിന്തുണയോടെ നടത്തുന്ന കാടത്തമാണിത്. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

സി.പി.എമ്മിന്‍റെ ബലത്തില്‍ എസ്.എഫ്.ഐ നടത്തുന്ന അക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന്‍റെ എല്ലാ ഘടകങ്ങളും ശനിയാഴ്ച വെെകുന്നേരം സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കെ.പി.സി.സി ആഹ്വാനം ചെയ്യുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.