ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, April 8, 2019

Sankalp-Patra

ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളെന്ന് കോൺഗ്രസ്. തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലിനെ കുറിച്ചോ യാതൊന്നും പ്രകടന പത്രികയിൽ പറയുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. പ്രതിവർഷം 2 കോടി തൊഴിൽ അവസരം സൃഷ്ടിക്കുമെന്നാണ് 2014 ൽ ബി.ജെ.പി വാഗ്ദാനം ചെയ്തത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോ പൗരന്‍റെയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും മോദി പ്രസംഗിച്ചു. ഇതൊന്നും നടപ്പായില്ല.

നോട്ട് അസാധുവാക്കലിനെ കുറിച്ച് ഒരു തവണ മാത്രമെ പ്രകടന പ്രതികയിൽ പറയന്നുള്ളൂ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വനിതകൾക്ക് സുരക്ഷ നൽകുമെന്നുമുള്ള വാഗ്ദാനം പാലിച്ചിട്ടില്ല. അഴിമതി തുടച്ചുനീക്കും എന്ന വാഗ്ദാനം നടപ്പായിട്ടില്ലന്നും സുർജേവാല ചൂണ്ടിക്കാട്ടി. ഒരു രാജ്യം ഒരു നികുതി എന്ന് ഉറപ്പും പാലിക്കാൻ കഴിഞ്ഞിട്ടില്ല കുടാതെ നികുതി വരുമാനത്തിൽ ഒരു കോടി രൂപയുടെ കുറവും ഉണ്ടായി.

‘സങ്കൽപ് പത്ര’ എന്ന പേരിലാണ്  ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയനും രംഗത്തെത്തി . ബിജെപി പ്രകടനപത്രിക വിലയിരുത്തുക എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തൊഴിൽ, മോശം പ്രകടനം, നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ‍, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചൊന്നും പ്രകടനപത്രികയില്‍ കാണാനാവുന്നില്ലെന്ന്  J-U-D-G-E (വിലയിരുത്തുക) എന്ന തലക്കെട്ടിലൂടെ ഒബ്രയന്‍ ട്വീറ്റ് ചെയ്തു.