ജമ്മുകശ്മീർ വിഷയത്തിൽ രാഹുലിനെതിരായ ബി ജെ പി നിലപാടിനെ തള്ളി കോൺഗ്രസ്

Jaihind Webdesk
Thursday, August 29, 2019

Surjewala-AICC

ജമ്മുകശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം എന്ന ബി ജെ പി നിലപാടിനെ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച പ്രകാശ് ജാവ്‌ഡേക്കറുടെ പ്രതികരണത്തെ അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംങ് സുർജേ വാല. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്, അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടാൻ അവകാശമില്ലെന്ന് രാഹുൽ ഗാന്ധി ഇതിനോടകം പ്രതികരിച്ചതാണെന്നും കോൺഗ്രസ്.

ജമ്മു കശ്മീർ അശാന്തമാണെന്ന് കഴിഞ്ഞയാഴ്ച്ച രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു. ഈ പ്രസ്ഥാവനയെ
ഐക്യരാഷ്ട്രസഭയിൽ നൽകിയ പരാതിയിൽ പാകിസ്ഥാൻ ഉൾപ്പെടുത്തി. ഇത് ഉയർത്തിക്കാട്ടിയാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ഡേക്കർ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം എന്ന് പറഞ്ഞത്. ഇതിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രംഗത്ത് എത്തി. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച പ്രകാശ് ജാവ്‌ഡേക്കറുടെ പ്രതികരണത്തെ അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധി വ്യക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുർജേവാല കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. നിരവധി കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനോട് തനിക്ക് വിയോജിപ്പുണ്ട്. പക്ഷേ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്, അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യത്തിനോ ഇടപെടാൻ അദികാരമില്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ജമ്മു കശ്മീരിലെ അക്രമങ്ങളുടേയും അതുപോലെ ലോകമെമ്പാടുമുള്ള ഭീകരതയുടെയും പ്രധാന പിന്തുണക്കാർ പാകിസ്ഥാൻ ആണെന്നും രാഹുൽ ട്വിറ്ററിലൂടെ തന്നെ വിമർശിച്ചിരുന്നു.