രാജ്യ തലസ്ഥാനത്ത്‌ തുടരുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ തകർക്കുന്നവയാണെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, February 25, 2020

രാജ്യതലസ്ഥാനത്ത്‌ തുടരുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ തകർക്കുന്നവയാണ് എന്ന് കോണ്‍ഗ്രസ്. നിലവിലെ സംഘർഷങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അക്രമങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനകൾ നടന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ തെറ്റായ നയങ്ങളെ തടയാൻ ഡൽഹിയിലെ ജനങ്ങളോട് കോണ്‍ഗ്രസ് അഭ്യർത്ഥിച്ചു.

ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും ഡല്‍ഹി മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ട കോണ്‍ഗ്രസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇത് ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും പട്ടേലിന്‍റെയും ഇന്ത്യയാണ്. മനസാക്ഷിയില്ലാത്ത ഈ ആക്രമണങ്ങളെ ആര്‍ക്കും ന്യായീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക ഐക്യം നിലനിര്‍ത്തണമെന്നും മതത്തിന്‍റെ പേരില്‍ ഇന്ത്യയെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കണമെന്നും കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെയാകമാനം ഞെട്ടിക്കുന്ന സംഭവങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന ആക്രമണ സംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഇന്ത്യയില്‍ കലാപത്തിന് ഇടമില്ലെന്നും സമാധാനവും സാഹോദര്യവും പുലര്‍ത്താനുള്ള അടിയന്തിര സാഹചര്യമാണിപ്പോള്‍ രാജ്യത്തുള്ളതെന്നും സുർജേവാല പറഞ്ഞു.