ബ്രൂവറി അഴിമതി: ഘടകകക്ഷികളെ നിശബ്ദരാക്കി സി.പി.എം

Jaihind Webdesk
Saturday, September 29, 2018

തിരുവനന്തപുരം: മാനദണ്ഡങ്ങൾ മറികടന്ന് ബ്രൂവറികൾക്ക് അനുമതി നൽകിയ വിഷയത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികളെ നിശബ്ദരാക്കി സി.പി.എം. ഇടതുമുന്നണി അംഗീകരിച്ച മദ്യനയം മറികടന്നാണ് നിലവിൽ പുതിയ മദ്യഉൽപാദനശാലകൾക്ക് അനുമതി നൽകിയത്. വിഷയം മുന്നണിയോഗത്തിൽ ചർച്ച ചെയ്യാതെയായിരുന്നു തീരുമാനം. മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ അനുമതിയിൽ സി.പി.എം അപ്രമാദിത്വമാണ് വ്യക്തമാകുന്നത്. കോടികളുടെ കോഴപ്പണം ഇതിന് പിന്നിലുണ്ടെന്ന ആരോപണവും ഇതോടെ കൂടുതൽ ശക്തമാവുന്നു. ഭരണത്തിന്‍റെ തുടക്കം മുതൽ സി.പി.എം മദ്യമുതലാളിമാരുമായി ധാരണയിൽ ഏർപ്പെട്ടുവെന്നതിന്‍‌റെ വ്യക്തമായ തെളിവാണ് ഇതിലൂടെ പുറത്തു വന്നിട്ടുള്ളത്.

ബ്രൂവറി അനുമതി സർക്കാരിനെ വിവാദത്തിലാക്കിയപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി നടപടിയെ വിമർശിച്ച് ആദ്യം രംഗത്ത് വന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം എതിർപ്പ് പിൻവലിച്ച കാനം സർക്കാർ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നു. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ഇതേപറ്റിയുള്ള അഭിപ്രായം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ബ്രൂവറി അനുമതി വിവാദ വിഷയമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ചർച്ചയായി. ഇതേത്തുടർന്ന് നടന്ന ചർച്ചകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ വിശദീകരിച്ചതോടെ പാർട്ടി നേതൃത്വവും ഇത് അംഗീകരിക്കുകയായിരുന്നു.

തങ്ങളോട് ആലോചിക്കാതെ സങ്കീർണമായ വിഷയങ്ങളിൽ ഏകപക്ഷീയമായ തീരുമാനമെടുത്ത സി.പി.എമ്മിനോട് ഘടകകക്ഷികൾക്കിടയിലും അമർഷം പുകയുകയാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കേ ഇത്തരമൊരു വിവാദം വേണ്ടിയിരുന്നില്ലെന്ന വിലയിരുത്തലാണ് ഘടകകക്ഷി നേതാക്കൾക്കുള്ളത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടുവെന്നും ഇതോടെയാണ് വേഗത്തിൽ അനുമതിക്ക് കളമൊരുങ്ങിയതെന്നും ആരോപണമുയരുന്നു. എക്‌സൈസ് വകുപ്പിന് പുറമേ വ്യവസായ വകുപ്പും ആരോപണത്തിന്‍റെ നിഴലിലാണ് ഉള്ളത്.

പുതിയ മദ്യഉൽപാദനശാലകൾ തുടങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ആദ്യമെത്തേണ്ട മുന്നണിയോഗത്തിൽ ഇത്തരമൊരു കാര്യം ചർച്ച ചെയ്തില്ലെന്നതും ഏറെ ഗൗരവകരമാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ വിഷയത്തെ ന്യായീകരിച്ചതോടെ ഇനി ഇടതുമുന്നണിയോഗത്തിലും ഇതു സംബന്ധിച്ച വിവാദത്തിന് സാധ്യതയില്ല. എന്നാൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തുന്നതോടെ ഇതിനു മറുപടി നൽകേണ്ട ബാധ്യത സി.പി.എമ്മിലേക്ക് മാത്രം ഒതുങ്ങുന്ന സ്ഥിതിയാവും സംജാതമാവുക.

-അരവിന്ദ് ബാബു-