മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി.എം.സുധീരൻ

Jaihind Webdesk
Saturday, December 22, 2018

VM-Sudheeran-Nov30

വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ നിന്നും മനസിലാകുന്നതെന്നും ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ തകർന്നടിഞ്ഞത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയാണെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭരണരംഗത്തെ അരാജകമായ അവസ്ഥയാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഹൈക്കോടതിയുടെ ഉത്തരവോടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടിരിക്കുകയാണ്.

നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വൻ നുണ പറഞ്ഞ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും വി.എം. സുധീരന്‍ പറഞ്ഞു.

അധികാരത്തിൽ തുടരുന്നതിന് ധാർമികവും ഭരണഘടനാപരവുമായ അർഹത ഇതോടെ നഷ്ടപ്പെട്ട മുഖ്യമന്ത്രി എത്രയും വേഗത്തിൽ തൽസ്ഥാനം രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.