വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇടതുസര്‍ക്കാരിന്‍റെ മുഖമുദ്ര : വി.എം. സുധീരന്‍

Jaihind News Bureau
Monday, May 25, 2020

V.M.-Sudheeran

നാലാം വാര്‍ഷികത്തിലും തെരഞ്ഞടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് കടകവിരുദ്ധമായി മദ്യനയത്തിലും ബന്ധപ്പെട്ട നടപടികളിലും ഇടതുമുന്നണി സര്‍ക്കാര്‍ ജനവഞ്ചന തുടരുകയാണെന്ന് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍.  ‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക’ യെന്നും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ ഇടതുമുന്നണിയുടെ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനെത്തുടര്‍ന്ന് നേരെ എതിര്‍ദിശയിലാണ് പോകുന്നതെന്ന് സര്‍ക്കാരിന്‍റെ ഓരോ നടപടിയും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇടതുസര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും വി.എം.സുധീരന്‍ ചൂണ്ടിക്കാട്ടി.

ഭരണം ഏറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 605 ആയി ഉയര്‍ന്നു. കൊവിഡ് പ്രതിരോധത്തില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടത് നിര്‍ണ്ണായക ഗുണഫലങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതെല്ലാം ഇല്ലാതാക്കുന്നനിലയില്‍ ചില്ലറ മദ്യവില്‍പനകേന്ദ്രങ്ങളുടെ എണ്ണം 306 ല്‍നിന്നും 1298 ആയി വര്‍ദ്ധിപ്പിക്കുന്ന ജാലവിദ്യയുമായിട്ടാണ് സര്‍ക്കാരിന്‍റെ ‘മദ്യമുന്നേറ്റം’.

മദ്യശാലകള്‍ അടച്ചിട്ടാല്‍ കേരളത്തില്‍ അത് വന്‍പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭരണാധികാരികളും കൂട്ടരും നടത്തിയ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും പിടിവിടാതെ മദ്യാസക്തിയില്‍നിന്നും സ്വയം മോചിതരായവരെ വീണ്ടും കുടിപ്പിച്ചേമതിയാകൂഎന്ന നിര്‍ബന്ധിത സാഹചര്യത്തിന് കളമൊരുക്കുകയാണ് സര്‍ക്കാര്‍ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അതീവ വ്യഗ്രതയും വെമ്പലും വെപ്രാളവുമെല്ലാം തീര്‍ത്താല്‍ തീരാത്ത നാണക്കേടാണ് സര്‍ക്കാരിനുണ്ടാക്കിയത്.

കൊവിഡ് പ്രതിരോധത്തില്‍ കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളുടെ നിറംകെടുത്തുന്നതാണ് സര്‍ക്കാരിന്‍റെ മദ്യവ്യാപന നീക്കങ്ങള്‍.

ഇപ്പോഴാകട്ടെ കൊവിഡ് രോഗികളുടെഎണ്ണം ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജീവന്‍രക്ഷാമരുന്ന് ലഭ്യമാക്കുന്ന തരത്തിലുള്ള ആവേശത്തോടെ മദ്യലഭ്യതയ്ക്കും വ്യാപനത്തിനും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മദ്യശാലകള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് കേരളീയസമൂഹത്തിനുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ മദ്യവിപത്തില്‍നിന്നും രക്ഷിച്ചെടുക്കാനുള്ള മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് ഇത്തരുണത്തില്‍ വേണ്ടത്. അതല്ലാതെ കുത്തക മദ്യകമ്പനികള്‍ക്കും ബാറുടമകള്‍ക്കും മാത്രം ഗുണകരമായ തെറ്റായ നടപടികള്‍ സ്വീകരിക്കലല്ല.

അതുകൊണ്ട് ഇനിയെങ്കിലും ജനവഞ്ചന മതിയാക്കി സ്വന്തം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനും കൊവിഡിനെപ്പോലെതന്നെ മാരകമായ മദ്യവിപത്തില്‍നിന്നും ജനങ്ങളെയും തലമുറകളെയും രക്ഷിക്കാനുള്ള നയങ്ങളും നടപടികളും സ്വീകരിക്കാനും തയ്യാറാകുകയാണ് നാലാം വാര്‍ഷികവേളയില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന്‍റെ മുന്നോടിയായി മദ്യലഭ്യതയ്ക്കും വ്യാപനത്തിനും ഇടവരുത്തുന്ന 18-05-2020 ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം. ഇക്കാര്യം ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.