ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നീക്കം ജനവഞ്ചന : മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Monday, July 20, 2020

VM-Sudheeran-Nov30

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് യാതൊരു നഷ്ടപരിഹാരവും നല്‍കാതെതന്നെ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നിരിക്കെ നഷ്ടപരിഹാരം നല്‍കി അത് ഏറ്റെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന അത്യന്തം തെറ്റായ നടപടിയും ജനവഞ്ചനയുമാണെന്ന് മുന്‍ കെ.പി.സി. സി. പ്രസിഡന്‍റ് വി.എം. സുധീരന്‍.  ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തയച്ചു.

അനധികൃതമായി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍നിന്നും ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ ഹാരിസണും സമാനകുത്തക കമ്പനികളും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കിവെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാരിന്‍റേതാണെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടതാണ്.  നിവേദിത പി. ഹരന്‍ കമ്മീഷന്‍, ജസ്റ്റീസ് മനോഹരന്‍ കമ്മീഷന്‍, സജിത്ബാബു റിപ്പോര്‍ട്ട്, രാജമാണിക്യം റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ളയുടെ വിജിലന്‍സ് റിപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ആധികാരിക പരിശോധനകളില്‍ ഇതെല്ലാം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തന്നെയുമല്ല വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും ഈ കുത്തക കമ്പനികളുടെ തട്ടിപ്പുകളെക്കുറിച്ചും അവര്‍ ചമച്ച വ്യാജരേഖകളെക്കുറിച്ചും കണ്ടെത്തലുകളുമുണ്ട്.

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.  റവന്യൂമന്ത്രിയും ഇതേ നിലപാട് ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും വി.എം. സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  ഇപ്രകാരം വിവിധ കമ്മീഷനുകള്‍ സര്‍ക്കാരിന്‍റേതാണെന്ന് തെളിവുകള്‍ നിരത്തി കണ്ടെത്തിയതും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും സര്‍ക്കാരിന്‍റേതാണെന്ന് വ്യക്തമാക്കിയതുമായ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കുന്നത് വളരെ വിചിത്രമാണ്.  ഇതിന്‍റെയെല്ലാം ആത്യന്തികഫലം ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈയ്യിലാക്കിയ ബിലീവേഴ്‌സ് ചര്‍ച്ചിനും അവര്‍ക്ക് എസ്റ്റേറ്റ് വിറ്റ ഹാരിസണും അവരെപ്പോലെ നിയമവിരുദ്ധമായി ഭൂമി കൈയടക്കിവെച്ചിട്ടുള്ള സമാന കുത്തക കമ്പനികള്‍ക്കും അവര്‍ക്കാര്‍ക്കുമില്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കലാകുമെന്നും വി.എം. സുധീരന്‍ പറയുന്നു.

സര്‍ക്കാര്‍ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കിയിട്ടുള്ള ഹാരിസന്‍ ഉള്‍പ്പെടെയുള്ള വന്‍കിട കുത്തക കമ്പനികള്‍ക്കെതിരെ നേരത്തേയുള്ള വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസ്സുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുപകരം അവരെയെല്ലാം കുറ്റവിമുക്തരാക്കുന്നതിനും അവര്‍ക്കാര്‍ക്കും ആ ഭൂമിയില്‍ ഇല്ലാത്ത ഉടമസ്ഥാകാശം നല്‍കുന്നതിനും ഇടവരുത്തുന്ന സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്.

ജനതാല്‍പര്യം സംരക്ഷിക്കുന്നതിനുപകരം സര്‍ക്കാര്‍ ഭൂമി കയ്യേറി അടക്കിവാഴുന്ന കുറ്റവാളികളായ കുത്തക കമ്പനികളെ കൈയയച്ച് സഹായിക്കുന്ന വ്യവസ്ഥകളാണ് ഈ നിയമനിര്‍മ്മാണ നീക്കത്തിലുള്ളത്.

2013 ലെ ഭൂമിഏറ്റെടുക്കല്‍ നിയമത്തിന്‍റെ അന്തസത്തയ്ക്കു നിരക്കാത്ത വിധത്തിലുള്ള വ്യവസ്ഥകളും ഉള്ളതായി കാണുന്നുണ്ട്.
തികച്ചും സ്വകാര്യവ്യക്തികളുടെ നിയമപരമായി കൈവശംഉള്ള ഭൂമിക്കുമാത്രം ബാധകമായിട്ടുള്ളതാണ് കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം.  എന്നാല്‍ സര്‍ക്കാര്‍ ഭൂമിയെ സര്‍ക്കാര്‍തന്നെ തര്‍ക്കഭൂമിയാക്കി ചിത്രീകരിച്ച് നിയമവിരുദ്ധമായി ഭൂമി കയ്യടക്കിവച്ചിട്ടുള്ളവര്‍ക്ക് പൊതുഖജനാവില്‍ നിന്നും നഷ്ടപരിഹാരം നല്‍കാനുള്ള ഈ നിയമനിര്‍മ്മാണ നീക്കം സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയ്ക്ക് കടകവിരുദ്ധവുമാണെന്നും വി.എം.സുധീരന്‍ വ്യക്തമാക്കുന്നു.

തെറ്റായ നിയമനിര്‍മ്മാണ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ഒരു പൈസപോലും നഷ്ടപരിഹാരം നല്‍കാതെതന്നെ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നിന് സാധ്യമാക്കുന്ന വിധത്തിലുള്ള നിയമനിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.  സര്‍ക്കാരിന്‍റേതായ 5.5 ലക്ഷം ഏക്കറോളംവരുന്ന ഭൂമിയില്‍ വന്‍കിട കുത്തകകള്‍ക്ക് ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുത്ത ജനവഞ്ചക മന്ത്രിസഭയാണ് പിണറായി വിജയന്‍റേതെന്ന് ചരിത്രം രേഖപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കരുതെന്നാണ് തന്‍റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

ഇനി ശബരിമല വിമാനത്താവളത്തിന്‍റെ കാര്യത്തിലാണെങ്കില്‍ ആറന്മുള വിമാനത്താവള പദ്ധതിയില്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരിന് വന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ. അനിവാര്യമായ പഠനങ്ങളോ പരിശോധനയോ വിശ്വാസയോഗ്യമായി നടത്താതെ വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതോടെ ആരംഭിച്ച അന്നത്തെ വിവാദങ്ങള്‍ ചെന്നെത്തിയത് ആ പദ്ധതിതന്നെ വേണ്ടെന്നുവയ്ക്കുന്നതിലേയ്ക്കായിരുന്നല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.  ശബരിമല വിമാനത്താവളം സംബന്ധിച്ച പ്രാഥമിക നടപടികള്‍ ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ ഇക്കാര്യങ്ങളെക്കുറിച്ച്  മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു (18.11.2016 ലെ കത്ത്).  അതുകൊണ്ട് ശബരിമല വിമാനത്താവളം സംബന്ധിച്ച് പാരിസ്ഥിതിക-സാമൂഹ്യ ആഘാതപഠനങ്ങളോ സാധ്യതാപരിശോധനയോ നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ്യതയുളള വിദഗ്ദ്ധരെ നിയോഗിക്കുന്നതാണ് ഉചിതമായിട്ടുള്ളത്. നിയോഗിക്കുന്നവരുടെ താല്‍പര്യമനുസരിച്ച് പഠനറിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടിയെടുക്കുന്ന കണ്‍സള്‍ട്ടന്‍സികള്‍ വിദേശിയായാലും സ്വദേശിയായാലും അതിനൊന്നും വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാകില്ല. അതൊക്കെ വിവാദങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.