ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന

Jaihind Webdesk
Friday, August 16, 2019

ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്‍റെ ഭാഷയിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികൾ വിമാനത്താവളത്തിലെത്തിയതിനെ തുടർന്ന് സർവിസുകൾ റദ്ദാക്കേണ്ടി വന്നതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്.

സൈനിക നടപടികൾക്ക് മുന്നോടിയായി ഷെൻസൻ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അർധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. സൈനിക വിന്യാസം ആശങ്കാജനകമാണെന്ന് യുഎസ് വ്യക്തമാക്കി. പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയിൽ ഇടപെടണമെന്നാണ് യുഎസ് ആവശ്യം.

എന്നാൽ, ആയുധങ്ങളുമേന്തിയാണ് പ്രക്ഷോഭകർ എത്തുന്നതെന്ന് ചൈന പ്രതികരിച്ചു. വിമാനത്താവളം ഉപരോധിച്ചതിൽ സങ്കടമുണ്ടെന്ന് പ്രക്ഷോഭക്കാർ പറഞ്ഞു. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് അത്തരം സമരമാർഗങ്ങൾ സ്വീകരിച്ചതെന്നും സമരക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹോങ്കോങ്ങിൽ പ്രക്ഷോഭം ആരംഭിച്ചത്.