മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്രയില്‍: സെക്രട്ടേറിയറ്റ് ജീവനക്കാർ കൂട്ട അവധിയില്‍; പ്രതിസന്ധി

Jaihind Webdesk
Thursday, May 9, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും വിദേശത്ത് വിനോദയാത്രയിലായതോടെ സെക്രട്ടേറിയറ്റിൽ ജീവനക്കാരും കൂട്ട അവധിയിൽ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ലാത്തതും മറയാക്കി കൂടുതൽ ജീവനക്കാർ കൂട്ട അവധിക്ക് അപേക്ഷിച്ചിരിക്കുകയാണിപ്പോൾ. ഉദ്യോഗസ്ഥർ കൂട്ട അവധിയിലേക്ക് പോകുന്നത് പല വകുപ്പുകളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും വിനോദയാത്രയ്ക്കായി ഇന്തൊനീഷ്യയിലേക്ക് പോയതിനൊപ്പം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരും കൂട്ട അവധിയിലേക്ക് കടന്നു. മുൻകൂട്ടി അപേക്ഷ നൽകിയ പല ഉദ്യോഗസ്ഥരും അവധിയെടുത്തു കേരളം വിട്ടു. പുതുതായി അപേക്ഷിച്ചവർ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ഇവരിൽ പലർക്കും അനുമതി ലഭിച്ചു കഴിഞ്ഞു. അവധിക്കാല യാത്രയ്ക്കാണ് മിക്ക ഉദ്യോഗസ്ഥരും അപേക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും പുറമേ ഗതാഗതമന്ത്രിയും ഗതാഗത കമ്മീഷണറും അവധിയിലാണ്. ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിക്കിടയിലെ ഇവരുടെ അഭാവം സർക്കാരിന് തലവേദനയാവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി ഉടൻ തീർക്കണമെന്ന ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രധാന ഫയലുകൾ പലതും തീരുമാനമാകാതെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കാത്തിരിപ്പിലാണ്. മുഖ്യമന്ത്രിയുടെ അഭാവവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മാറിയാക്കിയാണ് ഉദ്യോഗസ്ഥർ കൂട്ട അവധിയിലേക്ക് നീങ്ങുന്നത്. ഉദ്യോഗസ്ഥർ കൂട്ട അവധിയിലേക്ക് പോകുന്നത് പല വകുപ്പുകളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർ അവധിയിലേക്ക് പോകുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.