ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങി ചൈന

Jaihind Webdesk
Friday, August 30, 2019

ആണവായുധ ശേഖരം ഉൾപ്പെടെ അത്യാധുനിക ആയുധങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങി ചൈന. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയാൻമെൻ ചത്വരത്തിൽ ഒക്ടോബർ ഒന്നിനാകും പരേഡ് നടക്കുക. പ്രസിഡന്റ് ഷി ചിൻപിങ് പരേഡിനെ അഭിസംബോധന ചെയ്യും.

ആണവ മിസൈലുകൾ കൂടാതെ ഡിഎഫ് 41 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, മുങ്ങിക്കപ്പലിൽ നിന്നു തൊടുക്കാവുന്ന ജെ 2 ബാലിസ്റ്റിക് മിസൈലുകൾ, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ 20 പോർവിമാനങ്ങൾ തുടങ്ങിയവയും പരേഡിന്‍റെ ഭാഗമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമാണ് സൈനിക പരേഡെന്നും ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമാക്കിയോ പ്രത്യേക സാഹചര്യം കണക്കിലെടുത്തോ അല്ലെന്നും സൈനിക പരേഡിന്‍റെ ചുമതലയുള്ള സംഘത്തിന്‍റെ ഉപാധ്യക്ഷൻ കായി ഷിജുൻ അറിയിച്ചു.
അതേസമയം ലോകത്തിനു മുന്നിൽ രാജ്യത്തിന്‍റെ സൈനികശക്തി പ്രകടിപ്പിക്കാനാണ് ഇത്ര വലിയ പരേഡിന് ചൈന തയാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.