‘തെളിവുകള്‍ പരിശോധിക്കാതെ റിപ്പോർട്ട് തയാറാക്കി’; സുഗന്ധഗിരി മരംമുറിയില്‍ വനംവകുപ്പിനെതിരെ സസ്പെന്‍ഷനിലായ റേഞ്ച് ഓഫീസർ

Jaihind Webdesk
Thursday, May 9, 2024

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി മരംമുറിയിൽ അന്വേഷണം നടത്തിയ വനംവകുപ്പ് സംഘത്തിനെതിരെ ആരോപണവുമായി സസ്പെൻഷനിലായ റേഞ്ച് ഓഫീസർ. സംഘം മാനസികമായി സമ്മർദ്ദത്തിലാക്കിയെന്നും തെളിവുകൾ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്നും വനം മേധാവിക്ക് നൽകിയ കത്തിൽ റേഞ്ചർ കെ. നീതു ആരോപിച്ചു.

‘ശാരീരികവും മാനസികവുമായി സമ്മർദ്ദത്തിൽ ആക്കിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. ഇത്തരത്തിൽ രേഖപ്പെടുത്തിയ മൊഴി വസ്തുനിഷ്ഠമല്ലെന്ന് സംഘത്തെ പലതവണ ബോധ്യപ്പെടുത്തി. ഡ്യൂട്ടി രജിസ്റ്ററുകളും മറ്റ് രേഖകളും പരിശോധിച്ചാൽ തന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മനസിലാകും’. സുഗന്ധഗിരി മരംമുറിയിൽ സസ്പെൻഷനിലായ കൽപ്പറ്റ റേഞ്ച് ഓഫീസർ കെ. നീതു വനം മേധാവിക്ക് നൽകിയ കത്തിലെ ഭാഗമാണിത്. അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട് പ്രകാരം മരംമുറി നടക്കുന്ന സമയം ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികൾ പരിശോധിക്കാതെയാണ് പാസ് നൽകിയതെന്നുമാണ് റേഞ്ചർക്കെതിരെയുള്ള കുറ്റങ്ങൾ. തടികൾ നേരിട്ട് പരിശോധിച്ചാണ് പാസ് നൽകിയതെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ഡിപ്പാർട്ട്മെന്‍റ് ലോഗ് ബുക്കിൽ ഉൾപ്പെടെ ലഭ്യമാണെന്നും നീതു വാദിക്കുന്നു.

അനധികൃത മരം മുറിയിൽ കുറ്റക്കാരെ കണ്ടെത്തിയതും മരത്തടികളും തൊണ്ടിമുതലുകളും പിടികൂടി സർക്കാരിലേക്ക് കണ്ടുകെട്ടിയതും താൻ ഉൾപ്പെടെയുള്ള സംഘമാണ്. മരംമുറി നടക്കുന്ന കാലയളവിൽ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുകയായിരുന്നു എന്നും വനം മേധാവിക്ക് നൽകിയ കത്തിൽ റെയ്ഞ്ചർ ചൂണ്ടിക്കാട്ടുന്നു. മരംമുറിയിൽ ഗുരുതര മേൽനോട്ട പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി സൗത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലം മാറ്റിയ നടപടി സേനയ്ക്കുള്ളിൽ അമർഷം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി റേഞ്ചറും രംഗത്തെത്തിയിരിക്കുന്നത്.