ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തില്‍ വിള്ളല്‍; ടൂറിസം പദ്ധതികളുടെ മറവില്‍ അഴിമതി; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം

Jaihind Webdesk
Thursday, May 9, 2024

 

തിരുവനന്തപുരം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പുതിയതായി നിർമ്മിച്ച കണ്ണാടിപ്പാലം കൂടി പൊട്ടിയതോടെ ടൂറിസം പദ്ധതികളുടെ മറവിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പ്രത്യക്ഷ സമരം ആരംഭിച്ചു.

തലസ്ഥാനത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പുതുതായി നിർമ്മിച്ച കണ്ണാടിപ്പാലത്തിലാണ് ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് വിള്ളലുകൾ ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് കണ്ണാടിപ്പാലം നിർമ്മിച്ചത്. ഗുണ നിലവാരം കുറഞ്ഞ ഗ്ലാസുകൾ ഉപയോഗിച്ചതാണ് വിള്ളലുകൾ ഉണ്ടാകാന്‍  കാരണമെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ടെണ്ടറുകൾ ഒന്നുമില്ലാതെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് നിർമ്മാണ ചുമതല നൽകിയതിൽ വൻ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതുൾപ്പെടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി (INTUC) ടൂറിസ്റ്റ് വില്ലേജിലേക്ക് മാർച്ച് നടത്തി. അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ എംഎൽഎ എം.എ. വാഹിദ് ആവശ്യപ്പെട്ടു. വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉദ്ഘാടനത്തിനു തൊട്ടുമുമ്പ് കണ്ണാടി പാലം കൂടിപൊട്ടിയത് ടൂറിസം പദ്ധതികൾക്ക് തന്നെ തിരിച്ചടിയാവുകയാണ്.