ബാംഗ്ലൂരില്‍ നിന്ന് മലയാളികളുമായി കോണ്‍ഗ്രസിന്‍റെ ആദ്യ ബസ് പുറപ്പെട്ടു; ഡി.കെ ശിവകുമാര്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

Jaihind News Bureau
Monday, May 11, 2020

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്‍റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി രാത്രി 8 മണിക്ക് ബാംഗ്‌ളൂര്‍ ഗാന്ധി ഭവനിലെ കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു.

കര്‍ണ്ണാടക പി സി സി പ്രസിഡന്‍റ് ഡി.കെ ശിവകുമാര്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.

കേരളത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ അയക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിരന്തര അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍.എ.ഹാരിസ് എം.എല്‍.എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പറിലോ, [email protected] എന്ന ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം.

https://youtu.be/09nCHXhzti8