ബ്രൂവറിക്ക് സ്ഥലം അനുവദിച്ച വിഷയം നിയമസഭാ സമിതിക്ക് മുന്നിലേക്ക്

Jaihind Webdesk
Wednesday, October 3, 2018

കളമശേരി കിൻഫ്ര പാർക്കിൽ ബ്രൂവറിക്ക് സ്ഥലം അനുവദിച്ച വിഷയം നിയമസഭാ സമിതിക്ക് മുന്നിലേക്ക്. ശുദ്ധജല പദ്ധതിക്ക് സ്ഥലം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന കിൻഫ്ര മദ്യനിർമാണ യൂണിറ്റിന് സ്ഥലം നൽകിയത് പരിശോധിക്കുമെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി നഗരസഭയുടെയും നാല് മുനിസിപ്പാലിറ്റികളുടെയും 10 പഞ്ചായത്തുകളുടെയും ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിക്കായി ആറ് ഏക്കർ ഭൂമിയാണ് 2014 ൽ സർക്കാർ ആവശ്യപ്പെട്ടത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് 238.53 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിരുന്നു. പദ്ധതി വഴി 135 എംഎൽഡി വെള്ളം കൂടി വിശാല കൊച്ചിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ വിതരണ ശേഷി 180 എംഎൽഡിയായി ഉയർത്താനും കഴിയുമായിരുന്നു. കളമശേരിയിൽ ശുദ്ധീകരണ പ്ലാന്റും ഓവർ ഹെഡ് ടാങ്കും സ്ഥാപിക്കുന്നതിന് കിൻഫ്രയോട് സ്ഥലം ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്നായിരുന്നു മറുപടി. എന്നാൽ ഇപ്പോൾ മദ്യനിർമാണ യൂണിറ്റിന് സ്ഥലം അനുവദിച്ച നടപടി വിവാദമായതോടെ വിഷയം നിയമസഭാ സമിതി പരിശോധിക്കും. പതിനൊന്നാം തിയതി കളക്‌ട്രേറ്റിൽ ചേരുന്ന അഷ്വറൻസ് കമ്മിറ്റി യോഗം സാഹചര്യം ചർച്ച ചെയ്യും.

30 വർഷം മുന്നിൽ കണ്ടായിരുന്നു ഈ ശുദ്ധജല പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ കുടിവെള്ളത്തേക്കാൾ കിൻഫ്രക്ക് താത്പര്യം മദ്യത്തോടാകുമ്പോൾ ദാഹജലത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളും.