കറുത്ത ചായമടിച്ച് മറച്ച നമ്പർ പ്ലേറ്റ്, സുരക്ഷ പിൻവലിക്കല്‍ : ഉന്നാവോ പീഡനക്കേസിലെ ഇരയുടെ വാഹനാപകടത്തിൽ വൻ ദുരൂഹത

Jaihind Webdesk
Monday, July 29, 2019

ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പതിനാറുകാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ വൻ ദുരൂഹത. അപകടത്തിന് ഇടയാക്കിയ ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത ചായമടിച്ച് മറച്ചതും അപകടത്തിന് മുമ്പ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചെന്ന ആരോപണവുമാണ് ദുരൂഹതയുണ്ടാക്കിയത്.

പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചായിരുന്നു അപകടം. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ അപകടത്തിൽ മരിച്ചു. പെൺകുട്ടിയും അഭിഭാഷകനും അമ്മയും ഉൾപ്പെടെ മൂന്നുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതേസമയം, സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നാവോ വിഷയത്തിൽ രാജ്യസഭയും പ്രക്ഷുബ്ദ്ധമായി. പ്രതിപക്ഷ പാർട്ടികൾ വിഷയം സഭയിൽ ഉന്നയിച്ചു.

അപകടത്തിന് പിന്നിൽ സെൻഗാർ ആണെന്നും ശക്തമായ നടപടിയെടുക്കണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. റായ്ബറേലിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ അപകടത്തിൽ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. പെൺകുട്ടിക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും.

അപകടമുണ്ടാക്കിയ ട്രക്കിന്‍റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്‍റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു. ട്രക്കിന്‍റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.