വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് നട്ടെല്ലിന് പരിക്ക്; മെഡിക്കല്‍ റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, March 3, 2019

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിതെന്ന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് അഭിനന്ദനെ വിധേയനാക്കും. അതേസമയം അഭിനന്ദന്‍റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും പാകിസ്ഥാന്‍ ഘടിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

ചികിത്സയിലുള്ള അഭിനന്ദനെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും എയര്‍ ചീഫ് മാര്‍ഷലും കണ്ടിരുന്നു. തന്‍റെ കുടുംബാംഗങ്ങളുമായും അഭിനന്ദന്‍ സംസാരിച്ചിരുന്നു. കൂടുതല്‍ സുഖം പ്രാപിക്കുന്നതോടെ പാകിസ്ഥാനില്‍ നേരിടേണ്ടിവന്ന കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വിശദമായ സൈനിക നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്ഥാനില്‍ എത്തിപ്പെട്ടതിന് ശേഷമുള്ള കൃത്യമായ വിവരങ്ങള്‍ക്കായി അഭിനന്ദനെ ഉദ്യോഗസ്ഥർ വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്‍റലിജൻസ്, ഐ.ബി, റോ എന്നീ ഏജൻസികളാണ് അഭിനന്ദനില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.