5 വർഷത്തെ മോദി ഭരണത്തിന്റെ കണക്കെടുത്താൽ പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം. ജനാധിപത്യത്തിന് പകരം ജനവിരുദ്ധ നയങ്ങളാണ് ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് അധികവും നൽകിയത്. മോദി സർക്കാരിന്റെ ഭരണം, ഒരു തിരരിഞ്ഞുനോട്ടം.
2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന മോദി പ്രഭാവം യഥാർഥത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ ഗതിതന്നെ മാറ്റിയ ഒന്നായിരുന്നു. എൻ.ഡി.എ സർക്കാരിന്റെ 5 വർഷ ഭരണകാലം ഇഴകീറി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് സ്വാഭാവികം. ഇന്ത്യയിലെ പല സ്ഥാപനങ്ങളും അതിന്റെ സാധാരണ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നതും വലിയ പ്രതിഷേധങ്ങൾ നേരിട്ടതും കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ്.
2017ൽ ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ വലിയ തിരിച്ചടി നേരിട്ട രാജ്യമാണ് ഇന്ത്യ. 2018 ജനുവരിയിലാണ് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ രാജ്യത്തെ നിയമസംവിധാനം തന്നെ അപകടത്തിലാണ് എന്ന് വിളിച്ചു പറഞ്ഞത്. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് സഹികെട്ട് ഉർജിത് പട്ടേൽ രാജിവെച്ചത് കേന്ദ്ര സർക്കാരിന്റെ അതിരുകടന്ന ഇടപെടലുകൾ മൂലമായിരുന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനോ അതിന്റെ നിയന്ത്രണങ്ങൾ പൂർണമായും ഏറ്റെടുക്കാനോ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വിവിധ പ്രതിഷേധങ്ങളിലൂടെ പുറത്തു വന്നിരുന്നത്. പല സ്ഥാപനങ്ങളും സർക്കാരിനോട് കലഹിക്കുന്ന അവസ്ഥയും കാണാനായി.
2014 പകുതിയിൽ, മോദി അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ എൻ.ആർ.ഇ.ജിഎ വിഷയത്തിൽ കൊണ്ടു വന്ന ഭേദഗതി നിരവധി ഗ്രാമീണ തൊഴിൽ മേഖലകളെയാണ് ബാധിച്ചത്. ഒക്ടോബർ മാസത്തിൽ രാജ്യത്തെ 28 സാമ്പത്തിക വിദഗ്ധർ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകേണ്ട സാഹചര്യവും ഉണ്ടായി.
2014 ജൂലൈയിൽ വെറും ഒരേ ഒരു എൻ.ജി.ഒയും രണ്ട് വിദഗ്ധരെയും ഉൾപ്പെടുത്തി മോദി സർക്കാർ ദേശീയ വന്യജീവി ബോർഡ് രൂപീകരിച്ചു. 1972 ലെ നിയമം അനുസരിച്ച് അഞ്ച് എൻ.ജി.ഒകളും 10 വിദഗ്ധരും അടങ്ങുന്നതായിരിക്കണം സമിതി എന്ന ചട്ടം നിലനിൽക്കെയായിരുന്നു ഈ തീരുമാനം. 50 ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. സുപ്രീം കോടതിയും സർക്കാർ നിയമനത്തെ രൂക്ഷഭാഷയിൽ വിമർശിക്കുകയുണ്ടായി.
സ്ഥലമേറ്റെടുക്കൽ നിയമത്തിൽ കൊണ്ടു വന്ന ഭേദഗതിയിരുന്നു മറ്റൊരു വിവാദ തീരുമാനം. പരിസ്ഥിതി ആഘാത പഠനങ്ങളിൽ ഇളവ് അനുവദിച്ചതായിരുന്നു ഇതിലെ പ്രശ്നം. എൻ.ഡി.എയിലെ ഘടകകക്ഷികളായ ശിവസേന, അകാലിദൾ തുടങ്ങിയവരും ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത് ബി.ജെ.പിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തീരുമാനത്തിൽ നിന്ന് മോദി സർക്കാർ പിന്മാറി.
ഗോവധ നിരോധനം സംബന്ധിച്ച തീരുമാനം ചെറിയ തോതിലല്ല രാജ്യത്തെ പിടിച്ചു കുലുക്കിയത്. 2017 മെയ് മാസത്തിലായിരുന്നു സംഭവം. പത്താം ക്ലാസ് പാസാകാത്തവർ രാജ്യത്തിന് പുറത്തു പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കി ഇവർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് നൽകാനാണ് 2018 ന്റെ തുടക്കത്തിൽ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലുള്ളവരെ അധിഷേപിക്കുന്നതും പൗരന്മാരെ രണ്ട് തട്ടിലാക്കാനുള്ള സാധ്യത ഉണ്ടാക്കുന്നതുമാണെന്ന വിമർശനത്തെത്തുടർന്ന് പിന്നീട് റദ്ദാക്കേണ്ടിയും വന്നു. ആധുനിക കാലത്തെ ജാതിവ്യവസ്ഥയാണിതെന്നായിരുന്നു പ്രതിപക്ഷം തുറന്നടിച്ചത്.
സോഷ്യൽ മീഡിയാ വിവരങ്ങൾ നിരീക്ഷിക്കാനുള്ള സർക്കാർ തീരുമാനമാണ് മറ്റൊന്ന്. സ്വകാര്യതാ ലംഘനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പറഞ്ഞ് സർക്കാർ കൊണ്ടു വന്ന ഈ തീരുമാനവും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി.
വ്യാജവാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരണം എന്നതായിരുന്നു എൻ.ഡി.എ ഭരണകാലയളവിൽ കൊണ്ടു വന്ന മറ്റൊരു തുഗ്ലക് തീരുമാനം. എന്നാൽ പ്രതിഷേധങ്ങളെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു.
2018 ജൂലൈയിൽ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര് നീറ്റ് പരീക്ഷ, വർഷത്തിൽ രണ്ട് തവണ ഓൺലൈൻ ആയി നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടു. എന്നാൽ, കമ്പ്യൂട്ടർ സംവിധാനങ്ങളില്ലാത്ത ഉൾപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിൻ അതിശക്തമായി രംഗത്തു വന്നു. തുടർന്ന് കേന്ദ്ര സർക്കാരിന് ഈ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.
രാഷ്ട്രീയ പാർട്ടികൾ, പൊതുമേഖലയിലെ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയവയെ എല്ലാം വലിയ തോതിൽ ബാധിക്കുന്ന കുറേ അധികം ആശയങ്ങളും തീരുമാനങ്ങളും എൻഡിഎ സർക്കാർ നിരവധി തവണ മുന്നോട്ട് വെച്ചിരുന്നു. ആധാർ, വിവരാവകാശ നിയമത്തിലെ ഭേദഗതി, തുടങ്ങിയവയെല്ലാം അതീവ ഗൗരവകരമായ ജാഗ്രതക്കുറവായിരുന്നു എന്ന് പറയാതെ വയ്യ. ജി.എസ്.ടിയും നോട്ട് നിരോധനവും പോലെ വലിയ പ്രതിഷേധങ്ങൾ നേരിട്ട തീരുമാനങ്ങളോടൊപ്പം ചേർത്തു വായിക്കേണ്ടവയാണ് ഇത്തരം വിഷയങ്ങളെല്ലാം . ഇതിനെല്ലാം പിന്നിൽ അതീവ ഗുരുതരമായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്നതും നാം കാണാതെ പോകരുത്.