സുഗന്ധഗിരി മരംമുറിക്കേസ്; കൽപ്പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ചർ എം.പി.സജീവിനെ സ്ഥലം മാറ്റി

Jaihind Webdesk
Monday, May 6, 2024

വയനാട്: സുഗന്ധഗിരിയിലെ അനധികൃത മരംമുറിയിൽ കൽപ്പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ചറെ സ്ഥലം മാറ്റി വനംവകുപ്പ് ഉത്തരവ്. എം.പി.സജീവിനെ വടകര റേഞ്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലേക്ക് മാറ്റിയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കിയത്. രഹസ്യവിവര ശേഖരണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.  കെ.പി.ജിൽജിത്ത് ആണ് പുതിയ ഫ്ലായിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ.

സുഗന്ധഗിരിയിൽ കാർമഡം പ്രൊജക്ടിന്‍റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത വനഭൂമിയിൽ നിന്ന് നിരവധി മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വനം കൊള്ളക്ക് കൂട്ടുനിന്നു എന്നായിരുന്നു ആരോപണം. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെയും കഴിഞ്ഞ ദിവസം കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. നേരത്തെ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും വിശദീകരണം ചോദിക്കാതെ എടുത്ത നടപടി പിന്നീട് മരവിപ്പിക്കുകയായിരുന്നു.