
ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ഭരണകൂടം ഒരു ഒത്തുതീർപ്പിന് സന്നദ്ധമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അവർ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇറാൻ നേതൃത്വത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ ഭരണകൂടം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഭിന്നതയിലാണെന്നും, ഇത്തരം ഒരു നേതൃത്വത്തിന് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാൻ വിഷയത്തിൽ തനിക്ക് മുന്നിൽ ഇനി രണ്ട് പോംവഴികൾ മാത്രമേയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കി. ഒന്നുകിൽ ചർച്ചകളിലൂടെ ഒരു കരാറിലെത്തുക, അല്ലെങ്കിൽ ശക്തമായ സൈനിക നീക്കത്തിലൂടെ അവരെ തകർക്കുക എന്നതാണ് ഈ ഓപ്ഷനുകൾ. വീണ്ടും ബോംബാക്രമണങ്ങൾ തുടങ്ങാൻ വ്യക്തിപരമായി താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്നുള്ള പുതിയ സൈനിക പ്ലാനുകൾ താൻ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് ഇറാനെതിരെയുള്ള യുദ്ധം കൂടുതൽ ശക്തമായേക്കാമെന്ന സൂചനയാണ് നൽകുന്നത്.
യുദ്ധം തുടരുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിൻ്റെ അനുമതി തേടില്ലെന്ന വിവാദപരമായ നിലപാടിലാണ് പ്രസിഡൻ്റ് ട്രംപ്. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെൻ്റിൻ്റെ അനുമതി വാങ്ങണമെന്ന 1973-ലെ ‘വാർ പവേഴ്സ് റെസല്യൂഷൻ’ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാർച്ച് രണ്ടിന് തുടങ്ങിയ യുദ്ധത്തിൻ്റെ നിയമപരമായ കാലാവധി ഇന്ന് അവസാനിക്കുകയാണെങ്കിലും, മുൻപ് ഒരു പ്രസിഡൻ്റും ഇത്തരം അനുമതി തേടിയിട്ടില്ലെന്ന തെറ്റായ അവകാശവാദമാണ് ട്രംപ് ഉന്നയിക്കുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഗൾഫ് മേഖലയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.