പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന് പൂര്‍ണ്ണ പിന്തുണയുമായി പുടിന്‍; സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ മുന്‍കൈ എടുക്കും

Jaihind News Bureau
Tuesday, April 28, 2026

മോസ്‌കോ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വെച്ച് നടന്ന നിര്‍ണ്ണായക ചര്‍ച്ചയില്‍, ഇറാന് സാധ്യമായ എല്ലാ പിന്തുണയും റഷ്യ വാഗ്ദാനം ചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ റഷ്യ സജീവമായി ഇടപെടുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.

ഇറാന്‍ ജനത നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ റഷ്യ ഒപ്പമുണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു. ഇറാന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടത്തെ അദ്ദേഹം പ്രശംസിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയില്‍ നിന്നുള്ള പ്രത്യേക സന്ദേശം അബ്ബാസ് അരാഗ്ചി പുടിന് കൈമാറി. ഇറാന്റെയും മറ്റ് മേഖല രാജ്യങ്ങളുടെയും താല്പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് റഷ്യ വ്യക്തമാക്കി. മേഖലയില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിന് കാരണം അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം തുടരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്ഥാനിലും ഒമാനിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അരാഗ്ചി മോസ്‌കോയിലെത്തിയത്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.