സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ്‌ഷെഡിങ് അരമണിക്കൂര്‍ വരെ നീളാന്‍ സാധ്യത

Jaihind News Bureau
Tuesday, April 28, 2026

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ നിലയിലേക്ക്. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം പരാജയപ്പെട്ടതോടെ സംസ്ഥാനം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നിലവില്‍ പീക്ക് അവറുകളില്‍ (വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ) അനുഭവപ്പെടുന്ന 15 മിനിറ്റ് അപ്രഖ്യാപിത ലോഡ്‌ഷെഡിങ് അരമണിക്കൂര്‍ വരെ നീട്ടാനാണ് ബോര്‍ഡിന്റെ ആലോചന.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വൈകിയത് തിരിച്ചടിയായി. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതിക്കായി ഡിമാന്‍ഡ് വെച്ചെങ്കിലും ദേശീയതലത്തില്‍ കടുത്ത ചൂട് കാരണം ആവശ്യം വര്‍ധിച്ചതിനാല്‍ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. വേനല്‍ക്കാലത്തെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് 90 ദിവസം മുമ്പ് അപേക്ഷിക്കുന്നതില്‍ കെഎസ്ഇബിക്കും വീഴ്ച സംഭവിച്ചതായി വിമര്‍ശനമുണ്ട്. പാചകവാതക പ്രതിസന്ധി മൂലം ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം വര്‍ധിച്ചതും പീക്ക് അവറിലെ ലോഡ് ക്രമാതീതമായി ഉയരാന്‍ കാരണമായി.

ട്രാന്‍സ്‌ഫോര്‍മറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനായി ഏതു പ്രദേശത്തും ഏതു സമയത്തും വൈദ്യുതി മുടങ്ങാം. വിതരണ ശൃംഖല തകരാറിലാകാതിരിക്കാനാണ് ഈ മുന്‍കരുതല്‍. നിയന്ത്രണമുണ്ടാകുന്ന സാഹചര്യങ്ങളില്‍ സാധ്യമായ ഇടങ്ങളില്‍ ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന റെഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.