
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ, ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാർ മാധ്യമത്തിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഫയൽ ചെയ്ത റിട്ട് ഹർജിയിലൂടെയാണ് പ്രതാപൻ കോടതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെട്ടു.