
രാജ്യത്തോടുള്ള അഭിസംബോധനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അവകാശ ലംഘന നോട്ടീസ് നൽകിയത്. സ്ത്രീ സംവരണം തടയാനാണ് പ്രതിപക്ഷം വോട്ട് ചെയ്തതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും അസത്യമാണെന്ന് നോട്ടീസിൽ പറയുന്നു. പാർലമെന്റിന് പുറത്ത് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ പ്രസംഗത്തിൽ 50 തവണയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്. പാർലമെന്റിലെ സഭാനടപടിക്രമങ്ങളെക്കുറിച്ചും വോട്ടിംഗ് രീതിയെക്കുറിച്ചും സഭയ്ക്ക് പുറത്ത് തെറ്റായ രീതിയിൽ സംസാരിക്കുന്നത് എംപിമാരുടെ സവിശേഷാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാർലമെന്ററി മര്യാദകളുടെ ലംഘനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.