
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കെ. മുരളീധരന്. കേരളത്തിന്റെ ഖജനാവ് മുഖ്യമന്ത്രി നക്കിത്തുടച്ച് കാലിയാക്കിയെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം കൃത്യമായി പുറത്തുവിടാത്തത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് മുരളീധരന് പറഞ്ഞു. പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം ഇതിന്റെ സൂചനയാണ്. വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുമാറ്റി പുതിയ യന്ത്രങ്ങള്‍ വെക്കാന്‍ വരെ നീക്കം നടന്നേക്കാം. ഏകദേശ കണക്കുകള്‍ മാത്രം നല്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിസെപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷം വെറും ‘തള്ള്’ മാത്രമാണ് കേരളത്തില്‍ നടന്നത്. മുഖ്യമന്ത്രി തള്ളു നടത്തുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ജീവനക്കാരുടെ അപേക്ഷകള്‍ തള്ളുകയാണ്. കേരള ചരിത്രത്തില്‍ ഇത്രയേറെ ജനങ്ങളെ ദ്രോഹിച്ച മറ്റൊരു ഭരണസംവിധാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനയാണ് ‘ഡാഷ് മോന്’ ഉള്‍പ്പെടെയുള്ള പദങ്ങളെന്നും മുരളീധരന് പരിഹസിച്ചു.
വട്ടിയൂര്‍ക്കാവില്‍ നടന്ന സംഘര്‍ഷം തടയുന്നതില്‍ പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് കാലം മുതല്ക്കേ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍. അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഗുരുവായൂര്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ഇക്കുറി തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ പൂര്‍ണ്ണമായും യുഡിഎഫിന് അനുകൂലമാണെന്നും കെ. മുരളീധരന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.