യുഎസിനെ വിശ്വസിക്കുന്നില്ല, അവർ വഞ്ചിക്കുമെന്ന് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ഇറാൻ പ്രതിനിധി സംഘാംഗം

Jaihind News Bureau
Wednesday, April 15, 2026

 

ഇസ്‌ലാമാബാദിലെ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് നടന്നത് . ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് കടുത്ത സുരക്ഷാ ഭീഷണി നേരിട്ടത്. പാക്കിസ്ഥാനിൽ നിന്നും മടങ്ങുന്നതിനിടെ വിമാനം ആക്രമിക്കപ്പെട്ടേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചതോടെ സംഘം യാത്രയ്ക്കിടെ വിമാനം മാറിക്കയറുകയായിരുന്നു.

യാത്ര പകുതിവഴിയിൽ അവസാനിപ്പിച്ച് ഇറാനിലെ മഷാദിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. അവിടെ നിന്നും ബസിലും ട്രെയിനിലും കാറിലുമായാണ് സംഘം ടെഹ്റാനിലേക്ക് യാത്ര തുടർന്നത്. ഇറാൻ പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്ന ടെഹ്റാൻ യൂണിവേഴ്സിറ്റി പ്രൊഫസർ സെയ്ദ് മുഹമ്മദ് മറാൻഡിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

അമേരിക്കയെ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അവർ വഞ്ചിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും മറാൻഡി പറഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനയാത്ര ഒഴിവാക്കി മറ്റു മാർഗ്ഗങ്ങൾ തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ ഒരു തീരുമാനവുമില്ലാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രതിനിധി സംഘത്തിന് നേരെ ഇത്തരമൊരു ഭീഷണി ഉയർന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു