
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. നിലവിലുള്ള സിറ്റിങ് സീറ്റുകളില്‍ 25 എണ്ണം വരെ നഷ്ടപ്പെട്ടേക്കാമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷത്തില്‍ പോലും ഇത്തവണ വലിയ കുറവുണ്ടായേക്കുമെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്ന ആശങ്ക.
നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ 25 സീറ്റുകള്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് കണക്കുകൂട്ടുന്നത്. പരമാവധി 75 സീറ്റുകള്‍ വരെ നേടി ഭരണം നിലനിര്‍ത്താം എന്ന പ്രതീക്ഷയുണ്ടെങ്കിലും താഴെത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരാജയഭീതി ഉയര്‍ത്തുന്നതാണ്. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഗണ്യമായി കുറഞ്ഞേക്കാം എന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ വലിയ തിരിച്ചടികള്‍ ഉണ്ടായേക്കാം. കൂടാതെ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളിലും കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. 10 മുതല്‍ 15 വരെ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 3000-ല്‍ താഴെ മാത്രമാകാനാണ് സാധ്യത. ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീണതും യു.ഡി.എഫ് അനുകൂല വോട്ടുകള്‍ വര്‍ധിച്ചതുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക ഘടകങ്ങള്‍ നല്കിയ കണക്കുകള്‍ തെറ്റിയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. തിരഞ്ഞെടുപ്പിന് ശേഷം 90 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അവകാശപ്പെട്ടത് ഫലം വരുന്നത് വരെ അണികളുടെ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള തന്ത്രമായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.