എതിരാളികളെ ഞെട്ടിച്ച് യുഡിഎഫ്; സ്ഥാനാർത്ഥി നിർണ്ണയത്തിൽ റെക്കോർഡ് വേഗത; മറ്റ് മുന്നണികള്‍ക്കു മുൻപേ യുഡിഎഫ് കളത്തിൽ

Jaihind News Bureau
Saturday, March 21, 2026

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ എതിരാളികളെ അമ്പരപ്പിച്ച് യുഡിഎഫ് മുന്നേറ്റം. പത്രികാ സമർപ്പണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം വൈകുമെന്ന് പരിഹസിച്ചവർക്ക് മറുപടിയായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മുഴുവൻ പേരെയും പ്രഖ്യാപിക്കാൻ യുഡിഎഫിന് സാധിച്ചു.

കോൺഗ്രസ് 95 സീറ്റുകളിലും മുസ്ലീം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് (ജോസഫ്) 8 സീറ്റുകളിലും മത്സരരംഗത്തുണ്ട്. ആർഎസ്പി, സിഎംപി, ജെഎസ്എസ്, കെഡിപി, എഐടിസി തുടങ്ങിയ ഘടകകക്ഷികളും ബാക്കി സീറ്റുകളിൽ ജനവിധി തേടുന്നു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ഈ വേഗതയ്ക്ക് പിന്നിൽ. മത-സാമുദായിക-പ്രാദേശിക സമവാക്യങ്ങൾ കൃത്യമായി പാലിച്ച്, മാസങ്ങൾ നീണ്ട സർവ്വേകൾക്കും പഠനങ്ങൾക്കും ശേഷമാണ് കരുത്തുറ്റ ഈ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.

എൽഡിഎഫും എൻഡിഎയും ഇപ്പോഴും പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവാതെ അനിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് യുഡിഎഫിന്റെ ഈ മിന്നൽ നീക്കം. എതിർമുന്നണികൾ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കുന്നതിന് ഒരു ദിവസം മുൻപേ യുഡിഎഫ് പ്രഖ്യാപനം നടത്തിയത് മുന്നണിയുടെ ആത്മവിശ്വാസവും ഐക്യവുമാണ് വെളിപ്പെടുത്തുന്നത്. മറ്റു മുന്നണികളിലെ സംഘടനാപരമായ പാളിച്ചകളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ആശയക്കുഴപ്പങ്ങളും വോട്ടർമാർക്കിടയിൽ ചർച്ചയാകുമ്പോൾ, യുഡിഎഫ് ഇതിനോടകം തന്നെ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.