
പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കനത്ത തിരിച്ചടി. ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഭരണസമിതിയിലെ പത്തംഗങ്ങൾ കൂട്ടമായി രാജിവെച്ചതിനെ തുടർന്നാണ് രജിസ്ട്രാറുടെ നടപടി.
മന്ത്രി ഗണേഷ് കുമാറിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളിലും പ്രവർത്തന രീതിയിലും പ്രതിഷേധിച്ചാണ് ഭരണസമിതി അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചത്. പത്തനാപുരം താലൂക്ക് യൂണിയനിൽ ദീർഘകാലമായി നിലനിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്.
യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ ഗണേഷ് കുമാർ മറ്റ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും, ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നു എന്നുമായിരുന്നു അംഗങ്ങളുടെ പ്രധാന പരാതി. തർക്കം രൂക്ഷമായതോടെ പത്ത് അംഗങ്ങൾ ഒറ്റക്കെട്ടായി രാജി സമർപ്പിക്കുകയായിരുന്നു. ഇതോടെ ക്വോറം തികയാത്ത സാഹചര്യത്തിലാണ് രജിസ്ട്രാർ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്.