
മന്ത്രി കെ. ബി. ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തർക്കം എൽഡിഎഫ് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിവാദങ്ങൾക്കിടയിൽ, “അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സഹായത്തിനും 112-ലേക്ക് വിളിക്കൂ” എന്ന് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വലിയ പരിഹാസത്തിനാണ് വഴിയൊരുക്കിയത്. മന്ത്രിയുടെ ഭാര്യ തനിക്ക് നേരിട്ട ദുരനുഭവം 112-ൽ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വന്ന ഈ പോസ്റ്റ്, എതിർപ്പും ട്രോളുകളും വാരിക്കൂട്ടുകയാണ്.
മന്ത്രിയുടെ പ്രതികരണങ്ങൾ ഈ വിവാദത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. തനിക്ക് അയ്യായിരം പ്രണയങ്ങൾ ഉണ്ടെന്നും, തലയക്കു വട്ടുള്ളവരാണ് ഈ നമ്പറിലേക്ക് വിളിക്കുന്നതെന്നുമുള്ള മന്ത്രിയുടെ പരിഹാസരൂപേണയുള്ള പ്രസ്താവനയാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത 112 എന്ന സംവിധാനത്തെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മന്ത്രിയുടെ ഈ ‘വട്ടു’ പരാമർശത്തെ പരിഹസിച്ചുകൊണ്ട് നിരവധിയാളുകളാണ് പൊലീസിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
മന്ത്രിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ എൽഡിഎഫ് ഭരണത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും ജനരോഷവും അടങ്ങുന്നില്ലെന്ന് ചുരുക്കം.