ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്? ട്രംപിന്റെ പ്രസ്താവനകളില്‍ ആശയക്കുഴപ്പം; ‘വിജയം പൂര്‍ണ്ണമല്ലെന്ന്’ തിരുത്ത്

Jaihind News Bureau
Tuesday, March 10, 2026

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അമേരിക്കന്‍-ഇസ്രായേല്‍ സൈനിക നീക്കം ഏകദേശം പൂര്‍ത്തിയായതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുദ്ധം അതിന്റെ അവസാനത്തോടടുക്കുകയാണെന്ന സൂചന ട്രംപ് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം ഈ പ്രസ്താവന തിരുത്തുകയും ചെയ്തു.

യുദ്ധം ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടറോട് ട്രംപ് ഫോണിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘ഇറാന് ഇപ്പോള്‍ നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. യുദ്ധം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു,’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം നാലോ അഞ്ചോ ആഴ്ച നീണ്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ പിന്നീട് നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍, ‘നമ്മള്‍ പല രീതിയിലും വിജയിച്ചു കഴിഞ്ഞു, എങ്കിലും ആ വിജയം പൂര്‍ണ്ണമല്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഇറാനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് (IRGC) കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഐആര്‍ജിസി വക്താവ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണ്. ലോകത്തെ മൊത്തം എണ്ണ-പ്രകൃതിവാതക നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബാരലിന് 110 ഡോളര്‍ കടന്ന എണ്ണവില ഒരു ഘട്ടത്തില്‍ 119 ഡോളര്‍ വരെ എത്തി. 2022-ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്.